കൊച്ചിക്കാരുടെ വലിയ ആശങ്ക തീരുന്നു; കാത്തിരുന്ന പാലം ഉടൻ വരും, ഇടപ്പള്ളി-രാമനാട്ടുകര റീച്ച് വേഗത കൂടും!
കൊച്ചി: കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി വരാപ്പുഴയിൽ നിർമ്മിക്കുന്ന മൂന്ന് വരി പാലം മെയ് മാസത്തിൽ ഗതാഗതത്തിനായി തുറക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതിന് പിന്നാലെ ഇടപ്പള്ളി-രാമനാട്ടുകര വീതികൂട്ടലിന് വേഗത കൂടുമെന്ന് പ്രതീക്ഷ. നിലവിൽ 26 കിലോമീറ്റർ നീളുന്ന ഇതിലെ ആദ്യ സ്ട്രെച്ചിന്റെ 70 ശതമാനം ജോലിയും പൂർത്തിയായെന്നാണ് അധികൃതർ നൽകുന്ന വിവരം. വരാപ്പുഴ, കോട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങളാണ് പ്രധാന വെല്ലുവിളിയായി തുടരുന്നത്.
1618 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആറുവരി പാതയുടെ പൂർണമായ വികസനം ഈ വർഷം ഓഗസ്‌റ്റ് മാസത്തോടെ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ പാതയിലെ പ്രധാന വെല്ലുവിളികൾ ഒന്നായിരുന്നു 1.03 കിലോമീറ്റർ വരാപ്പുഴ പാലം. ഇതിന്റെ നിർമ്മാണച്ചെലവ് 100 കോടി രൂപയാണ്. റെക്കോർഡ് വേഗത്തിൽ, 604 ദിവസം കൊണ്ട് ഇതിന്റെ പ്രധാന ഘടന പൂർത്തിയാക്കിയിരുന്നു. 'ബാലൻസ്‌ഡ് കാന്റിലിവർ' രീതിയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

'അപ്രോച്ച് റോഡുകൾ പൂർത്തിയായാൽ, പാലത്തിന്റെ ദീർഘകാല ഈട് ഉറപ്പാക്കാൻ കർശനമായ ലോഡ് ടെസ്‌റ്റ് നടത്തും' എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഭാരമേറിയ പ്രത്യേക വാഹനങ്ങൾ കടത്തിവിട്ട് സെൻസറുകൾ വഴി ഘടനാപരമായ ചലനങ്ങൾ നിരീക്ഷിക്കുന്നതാണ് ഈ പരിശോധന. അതിന് ശേഷമായിരിക്കും പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുക.
ഏറെ സങ്കീർണമായ നിർമ്മാണമാണ് ഈ മേഖലയിൽ ആകെ നടന്നത്. ഇടപ്പള്ളി-മൂത്തകുന്നം പാതയിൽ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമടക്കം 15 പാലങ്ങളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണത്തിലുള്ളത്. വരാപ്പുഴ, കൂട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങളൊഴികെയുള്ള എല്ലാ പാലങ്ങളും ഇതിനോടകം പൂർത്തിയായതായാണ് വിവരം.
വരാപ്പുഴ പാലം: സവിശേഷതകൾ
സാധാരണ പാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, 50 മീറ്ററിലധികം നീളമുള്ള സ്‌പാനുകൾക്ക് 'ബാലൻസ്‌ഡ് കാന്റിലിവർ' രീതി ഉത്തമമാണ്. മധ്യത്തിലെ ഒരു തൂണിൽ നിന്ന് ഇരുവശങ്ങളിലേക്കും ഒരേപോലെ ഭാഗങ്ങൾ നിർമ്മിക്കുന്ന രീതിയാണിത്. സ്ഥിരത ഉറപ്പാക്കാൻ ഇടതും വലതുമുള്ള ഭാഗങ്ങളുടെ എണ്ണം തുല്യമായിരിക്കണം. മധ്യഭാഗത്ത് കാന്റിലിവറുകൾ കൂടിച്ചേരുമ്പോൾ പാലം പൂർണമാകും.
പുതിയ പാലത്തിന് മൊത്തം 26 സ്‌പാനുകളുണ്ട്. നദീഗതാഗതം സുഗമമാക്കാൻ 120 മീറ്റർ നീളമുള്ള ഒരു വലിയ മധ്യ സ്‌പാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രീതി, പെരിയാർ നദിയിലെ ബോട്ട് ഗതാഗതത്തിന് തടസമില്ലാതെ തുടരുവാൻ സഹായിക്കുന്ന 120 മീറ്റർ നീളമുള്ള മധ്യ സ്‌പാനുകൾക്ക് സാധ്യത നൽകുന്നു. കൊച്ചി വാട്ടർ മെട്രോ, മറ്റ് ബോട്ടുകൾ, പ്രാദേശിക യാത്രാബോട്ടുകൾ എന്നിവ ഈ ഭാഗം ഉപയോഗിച്ചാണ് കടന്നുപോവുക.
ഇവിടെ വരുന്ന പുതിയ പാലം നിലവിൽ മേഖലയിലുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, യാത്രികർക്ക് മനോഹരമായ കാഴ്‌ചകളും അനുഭവങ്ങളും സമ്മാനിക്കുമെന്നുമാണ് ദേശീയപാത അധികൃതർ അവകാശപ്പെടുന്നത്. പഴയ വരാപ്പുഴ പാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ഏറെനാളത്തെ ആഗ്രഹത്തിനായി അവസാനമാവുന്നത്.
ഇടപ്പള്ളി-രാമനാട്ടുകര റീച്ചിലെ ആദ്യ ഭാഗം
ചേരാനല്ലൂർ ഭാഗത്തുള്ള അപ്രോച്ച് റോഡ് ഉയരത്തിലും വരാപ്പുഴ ഭാഗത്തുള്ള അപ്രോച്ച് റോഡ് താഴ്ത്തിയുമാണ് പണിയുന്നത്. 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ പദ്ധതിയിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത. അതിലാണ് വരാപ്പുഴ പാലം ഉൾപ്പെടുന്നത്.
ഇടപ്പള്ളി-രാമനാട്ടുകര എൻഎച്ച് 66 സർവീസ് റോഡുകളുള്ള 45 മീറ്റർ ആറ് വരി പാതയായി വീതികൂട്ടുന്ന പദ്ധതിയാണ്, 2025 ഏപ്രിലിൽ ഇത് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അഞ്ച് റീച്ചുകളായി വിഭജിച്ചിരിക്കുന്ന ഈ പദ്ധതി കന്യാകുമാരി-പൻവേൽ ഇടനാഴിയുടെ നിർണായക ഭാഗമാണ്, കൊച്ചിയെയും കോഴിക്കോടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications