ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്‌റ്റിൽ; ഓൺലൈൻ തട്ടിപ്പിലൂടെ കിട്ടിയ പണം ക്രിപ്റ്റോ കറൻസിയാക്കിയെന്ന് പോലീസ്
തിരുവനന്തപുരം: മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രശസ്‌തനായ ബ്ലെസ്‌ലി അറസ്‌റ്റിൽ. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ബ്ലെസ്‌ലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ കേസിൽ കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുന്ന വേളയിലാണ് ബ്ലെസ്‌ലി പിടിയിലായിരിക്കുന്നത്. കാക്കൂർ പോലീസ് രജിസ്‌റ്റർ ചെയ്‌ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്‌ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. കേസിലെ മൂന്നാമത്തെ അറസ്‌റ്റാണിത്.

ക്രൈബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം നൽകുന്നത്. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്‌തു. ബിഗ് ബോസ് താരം എന്നതിലുപരി സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ ഉള്ളൊരു യൂട്യൂബർ കൂടിയാണ് ബ്ലെസ്‌ലി. പാരഡി ഗാനങ്ങളിലൂടെയും മറ്റ് റീലുകളിലൂടെയും ശ്രദ്ധേയനായതിന് പിന്നാലെയാണ് ബിഗ് ബോസ് നാലാം സീസണിൽ മത്സരത്തിന് എത്തിയത്.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം. ജോലി വാഗ്‌ദാനം ചെയ്‌ത ശേഷം ഓൺലൈനിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നു ഈ സംഘം. ശേഷം ഈ തട്ടിപ്പിലൂടെ സമാഹരിച്ച പണം വിദേശത്തെക്ക് കടത്തുകയും അവിടെ ക്രിപ്റ്റോ കറൻസി പോലെയുള്ളവയിലേക്ക് മാറ്റുകയുമായിരുന്നു ഇവരുടെ രീതി.
തട്ടിപ്പിലൂടെ ലഭിച്ച പണം മ്യൂൾ അക്കൗണ്ടുകൾ വഴി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് ഊർജിതമായി അന്വേഷണം നടത്തിവരികയാണ്. സമാനമായ തട്ടിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.












Click it and Unblock the Notifications