ക്യാന്‍സര്‍ ക്യാന്‍ ഒരുക്കി ബിഗ് ബോസ് മലയാളം ഫെയിം കിടിലം ഫിറോസ്: അഭിനന്ദനങ്ങളുമായി അഡോണി ടി ജോണ്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3 താരവും ആര്‍ജെയുമായ കിടിലം ഫിറോസും സുഹൃത്തുക്കളും ചേർന്ന് ആരംഭിക്കുന്ന സനാഥാലയം എന്ന വീട് ഒക്ടോബർ 3 ന് നാടിന് സമര്‍പ്പിക്കാന്‍ പോവുകയാണ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഏറ്റവും അര്‍ഹരുമായ കാൻസർ രോഗികളെ കണ്ടെത്തി അവര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കുകയും ചെയ്യുക എന്ന ലക്ഷത്തോടെയാണ് സനാഥാലയം ക്യാൻ കെയർ പദ്ധതി ആരംഭിക്കുന്നത്.
ഇപ്പോഴിതാ സനാഥാലയം നാളെ ഉദ്ഘാടന്‍ ചെയ്യാനിരിക്കെ പദ്ധതിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബിഗ് ബോസില്‍ കിടിലം ഫിറോസിന്റെ സഹമത്സരാര്‍ത്ഥിയായിരുന്നു അഡോണി ജോണ്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തുകയും മുന്നൊരുക്കങ്ങള്‍ നേരില്‍ കാണുകയും ചെയ്തിരുന്നു. സന്ദര്‍ശന വിവരം പങ്കുവെച്ചുകൊണ്ട് ഒരു ചെറിയ കുറിപ്പും അഡോണി ജോണ്‍ ഇന്സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

'എത്രനാളാണ് നമുക്ക് ആയുസ്സുള്ളത്? ആർക്കറിയാം! ഉള്ളിലേക്കെടുക്കുന്ന ശ്വാസം തിരിച്ചിറങ്ങുമെന്ന് ആർക്കെങ്കിലും ഉറപ്പിക്കാനാക്കുമോ? ഇല്ല. ജീവിക്കുക എന്നത് അനുനിമിഷം നാം നടത്തുന്ന സമരം കൂടിയാവുകയാണ്. എന്തിനോടുള്ള സമരമാണത്? ഒറ്റയായിപ്പോകാതിരിക്കാൻ! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും! മറന്നുപോകാതിരിക്കാൻ', - എന്നാണ് ഇന്സ്റ്റയില്‍ അഡോണി കുറിക്കുന്നത്.
ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്

'നമ്മൾ മാത്രമല്ല, മറ്റു മനുഷ്യരും. അവർ നമ്മുടെ ആരാണ്? ആരെയാണ് നാം ചേർത്തുപിടിക്കേണ്ടത്? ആരും ആവണമെന്നില്ല! അവരും ഈ ഭൂമിയുടെ സ്വന്തമാണ്. അവരും പോരാളികളാണ്. തോറ്റുപോകാതിരിക്കാൻ അവസാന ശ്വാസം വരെ ആഞ്ഞാഞ്ഞ് പൊരുതുന്നവരാണ്! പോരാളികള്‍! അവർക്കൊരിടം ഒരുങ്ങുന്നുണ്ടിവിടെ.കൈയിൽ അധികമൊന്നും കൂട്ടിയിരിപ്പില്ലാത്ത മനുഷ്യർ കൈമെയ് മറന്ന് ചേർത്തൊരുക്കിയ ഒരു കൊച്ചുവീട്. സനാഥാലയം, മുണ്ടക്കയത്തൂന്ന് ഇങ്ങ് പോന്നു. കണ്ടു. പറ്റുന്നപോലെ കൂടെ കൂടി. കൊറേ മനുഷ്യരെ പരിചയപ്പെട്ടു. അവരും പൊരുതുകയാണ് ആരുമില്ലാത്തവർക്ക് ഞങ്ങളുണ്ടെന്നുറപ്പിച്ചുകൊണ്ട്;- എന്നും അഡോണി കുറിച്ചു.

കിടിലം ഫിറോസിനോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അഡോണി കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. അതേസമയം മറ്റ് പലരും സാനാഥാലയത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. 'പ്രിയമുളളവരെ,ഇവരുടെ ഒരുതുളളി വിയര്‍പ്പ് പോലും പാഴാവില്ല....അത്ര ആത്മാര്‍ത്ഥമായിട്ടാണ് ഈ കഷ്ടപ്പെടുന്നത്...ചിറക് എന്ന കൂട്ടായ്മയിലെ നൂറ്കണക്കിന് ചെറുപ്പക്കാര്‍ എന്തിനും തയ്യാറായി ഇവരോടൊപ്പം ഉണ്ട്...ഒരു രൂപയുടെ പോലും സഹായം അങ്ങിനെ പുറത്ത് നിന്ന് സ്വീകരിക്കാതെ... സോഷ്യല്‍ മീഡിയയിലേയും അടുത്തറിയുന്ന സൗഹൃദങ്ങളിലേയും പലരും നല്‍കിയ വസ്തുക്കള്‍ കൊണ്ടാണ് തലസ്ഥാനത്ത് ഒരു സനാഥാലയം ഒരുങ്ങുന്നത്;- എന്നാണ് അസ്ഹര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സനാഥാലയം ഒരു സംസ്ക്കാരമാണ്. ക്യാന്‍സറെന്ന മാരകരോഗത്തെ ഇച്ഛാശക്തികൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ട് പൊരുതി തോല്‍പ്പിച്ച പലരും നമുക്ക് ചുറ്റുമുണ്ട്. ക്യാന്‍സറെന്ന രോഗമെന്ന് കേള്‍ക്കുമ്പോഴേ ജീവിതത്തിന്‍റെ നിറം മുഴുവന്‍ നഷ്ടപ്പെട്ട് എല്ലാം അവസാനിച്ചെന്ന് കരുതി ചുരുണ്ട് കൂടി ശേഷ ജീവിതം കൂടി നരകമാക്കി ജീവിതം അവസാനിപ്പിക്കുന്നവര്‍. അവര്‍ക്കിടയിലേക്കാണ്. നിരന്തരം ക്യാന്‍സറിനോട് പോരാടികൊണ്ടിരുന്ന നന്ദു മഹാദേവ എന്ന പ്രിയപ്പെട്ടവന്‍ അവതരിച്ചത്. അവര്‍ക്ക് നിശ്ചയ ദാര്‍ഢ്യവും കരുത്തും ജീവിതത്തിന്‍റെ മങ്ങിയ നിറവുമൊക്കെ നല്‍കി കൊണ്ട് തന്നെയാണ് നന്ദുമഹാദേവ അതിജീവനത്തിന്‍റെ രാജകുമാരനായതും.

നന്ദുവിന്‍റെ പുസ്തകങ്ങളുള്‍പ്പടെ വിശാലമായ ലൈബ്രറിയും ഒരുങ്ങുന്നുണ്ടവിടെ. നിങ്ങളുടെ പക്കല്‍ വായിച്ചുതീര്‍ത്ത നല്ല പുസ്തകങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സനാഥാലയത്തിന് മുതല്‍ക്കൂട്ടാണ്. പരമാവധി കൊണ്ടെത്തിക്കണേ. പ്രിയമുളളവരെ,വരികളാല്‍ വര്‍ണ്ണിച്ച് പറഞ്ഞാല്‍ തീരുന്നതല്ല. സനാഥാലയമെന്നത്. ഒരിക്കലെങ്കിലും പോണം. അവിടേക്ക് വരുന്നവര്‍ രോഗികളല്ല പോരാളികളാണ്. അവരെ അഭിസംബോധന ചെയ്യുന്നതും ഫൈറ്റേര്‍സ് എന്നാണ്. വായനശാല, പൂക്കളും പുല്‍തകിടിയുമൊക്കെയുളള മനോഹര ഉദ്യാനം.ചെറിയ കുളം...തുടങ്ങി വല്ലാത്തൊരു മാസ്മരികതയുണ്ട് പോയി അനുഭവിച്ചാല്‍ മാത്രം മനസ്സിലാവുന്ന ഒന്നെന്നും അസ്ഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications