അമിത് ഷായുടെ വരവില്‍ ലോകറെക്കോർഡ് തീർക്കാന്‍ ബിഹാർ ബിജെപി: നിതീഷ് കുമാറിന് ക്ഷണമില്ല
പാട്ന: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം വമ്പന്‍ പരിപാടിയാക്കി മാറ്റാനൊരുങ്ങി ബിഹാർ ബി ജെ പി നേതൃത്വം. ശനിയാഴ്ചയാണ് അമിത് ഷാ ബിഹാറില്‍ എത്തുന്നത്. ജഗദീഷ്പൂരിലെ സ്വാതന്ത്ര്യ സമര സേനാനി വീർ കുൻവർ സിങ്ങിനെ ആദരിക്കുന്ന പരിപാടി ബി ജെ പി നേതൃത്വം നേരിട്ട് ഇടപെട്ടാണ് നടത്തുന്നത്.
അമിത് ഷായുടെ സന്ദർശനം വന്‍ വിജയമാക്കുന്നതിന് വേണ്ടി ഒരു മാസത്തിലേറെയായി പാർട്ടി പ്രവർത്തകരും നേതാക്കളും വന്‍ പ്രചരണമാണ് നടത്തുന്നത്. പാർട്ടി പ്രവർത്തകരെയും ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കാൻ മുതിർന്ന നേതാക്കൾ എല്ലാ ജില്ലകളിലും ഇതിനോടകം തന്നെ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു.

"ഞങ്ങള്‍ പുതിയൊരു ലോക റെക്കോർഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. ഒരു ലക്ഷത്തിലധികം ആളുകൾ ദേശീയ പതാകയുമായി ഒരിടത്ത് സന്നിഹിതരാകുന്ന ഒരു ചരിത്ര നിമിഷമായിരിക്കുമിത്" ആഭ്യന്തര സഹമന്ത്രിയും പരിപാടിയുടെ ചുമതലക്കാരനുമായ നിത്യാനന്ദ് റായ് പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങൾ നേരിട്ട് നടത്തുന്നതിന് വേണ്ടി അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് ബിഹാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് . ‘വിജയോത്സവ്' എന്നാണ് പാർട്ടി ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

"ഞങ്ങൾ ഒരു റെക്കോർഡിനും വേണ്ടി പ്ലാൻ ചെയ്തിരുന്നില്ല. ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ അവിടെ ഉണ്ടാകുമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഞങ്ങളെ ബന്ധപ്പെടുകയും അവർ പരിപാടി റെക്കോർഡുചെയ്യുമെന്ന് പറയുകയും ചെയ്തു, "ബിഹാർ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.

വ്യാഴാഴ്ച കേന്ദ്രമന്ത്രി കൗശൽ കിഷോർ, ബിഹാർ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, സംസ്ഥാന മന്ത്രി ഷാനവാസ് ഹുസൈൻ എന്നിവർ പാർട്ടി പ്രവർത്തകരെ പരിപാടിയിലേക്ക് ക്ഷണിക്കാൻ ഗയയിൽ എത്തിയിരുന്നു.
എല്ലാ ബിജെപി സംസ്ഥാന മന്ത്രിമാർക്കും ഒരോ ജില്ലയുടെ ചുമതല നൽകിയിട്ടുണ്ട്. ഹുസൈനാണ് ഗയയുടെ ചുമതല. "ഞങ്ങൾ പരിപാടിയിൽ ആവേശഭരിതരാണ്, പാർട്ടി പ്രവർത്തകർ മാത്രമല്ല, സാധാരണക്കാരും ഈ റെക്കോർഡ് നിർമ്മാണ പരിപാടിയിൽ പങ്കെടുക്കും''-ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.

അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. "ഇത് വി ഐ പികളുടെ പരിപാടിയും ‘ജൻ ഭാഗിദാരി' പരിപാടിയുമല്ല. പ്രത്യേകിച്ച് ക്ഷണിക്കേണ്ട ആവശ്യവുമില്ല് അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു," - എന്നാണ് മുഖ്യമന്ത്രിയുടെ അഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബി ജെ പി നേതാവ് ജയ്‌സ്വാൾ പറഞ്ഞത്.

ബി ജെ പി സംഘടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ പരിപാടിയാണിതെന്നും സർക്കാർ പരിപാടിയല്ലെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നു.
"ബിഹാറിലെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനിയെക്കുറിച്ച് പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് വേണ്ടിയാണ് ഈ പരിപാടി,"- എന്നും ജയ്‌സ്വാൾ കൂട്ടിച്ചേർക്കുന്നു.
Recommended Video

മഗധിനോട് ചേർന്നുള്ള ഷഹാബാദ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജഗദീഷ്പൂറിലാണ് പരിപാടി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഗദ്-ഷഹാബാദ് മേഖലയിൽ എൻഡിഎയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാന്‍ സാധിച്ചിരുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ മേഖലയിൽ സ്വാധീനം പിടിച്ചെടുക്കുന്നതിനുള്ള മാർഗ്ഗം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.












Click it and Unblock the Notifications