ജനവിധിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് ബിനോയ് വിശ്വം; 'എംഎം മണി ജനങ്ങളെ മാനിക്കണം'
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കുണ്ടായ തിരിച്ചടിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ്-ബിജെപി ബന്ധം ഈ തിരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തിയിട്ടുണ്ട്. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ ഞങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കും. സർക്കാരിനെതിരായ വികാരം ഉണ്ടായോ എന്നത് അടക്കം പരിശോധിക്കും, ഇടത് മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യും; അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്‌ത സർക്കാരാണിത്. എന്തുകൊണ്ട് ആ സർക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടെയതെന്ന് ഉറപ്പായും പരിശോധിക്കും. ഇടത് മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാൻ കഴിയൂ. തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നുള്ള എല്ലാ പാഠങ്ങളും പഠിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എംഎം മണിയുടെ വിവാദ പ്രസ്‌താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുമ്പോൾ ജനങ്ങളെ മാനിക്കണമെന്നും ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് എംഎം മണി നടത്തിയത്. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നായിരുന്നു മണിയുടെ പ്രതികരണം.
അതേസമയം, ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. 77 ബ്ലോക്ക് പഞ്ചായത്തും 343 ഗ്രാമപഞ്ചായത്തിലും സിപിഎം വിജയിച്ചു. ഇത് 70 സീറ്റിന് തുല്യമാണ്. 28 മുനിസിപ്പാലിറ്റികളിലും വിജയിച്ചു. 2010 ൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പകുതി ജില്ലാ പഞ്ചായത്തിലും ജയിക്കാനായത് വലിയ നേട്ടമാണെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വർഗീയശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കുകയായിരുന്നു. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയമൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഇല്ലെന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്. പന്തളം മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫ് ജയിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.












Click it and Unblock the Notifications