ക്രിസ്‌ത്യൻ പിന്തുണ ഉറപ്പിക്കാൻ ബിജെപി; സ്നേഹ യാത്ര നടത്താൻ തീരുമാനം, ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കും
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവുമായി കേരളത്തിൽ വീണ്ടും ക്രിസ്ത്യൻ പിന്തുണ ഉറപ്പാക്കാൻ നീക്കം ആരംഭിച്ച് ബിജെപി. ക്രിസ്ത്യൻ വീടുകളിൽ ക്രിസ്‌തുമസ് ആശംസ അറിയിക്കാനായി ബിജെപി പ്രവർത്തകരെ അയക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തിലാണ് നിർണായക തീരുമാനം. 'സ്നേഹയാത്ര' എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
കേന്ദ്രമന്ത്രി വി മുരളീധരനും, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത് എന്നാണ് സൂചന. ഡിസംബർ 20 മുതൽ പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ബിജെപി ഒരുക്കുന്നത്. ഇതൊരു സൗഹൃദ സന്ദർശനമാണെന്നും, ബിജെപി നേതൃയോഗം തീരുമാനം എടുത്തതാണെന്നും മുതിർന്ന നേതാവ് എംടി രമേശ് അറിയിച്ചു.

നേരത്തെ കേരളത്തിലെ സഭാ നേതാക്കളെയും, മത മേലധ്യക്ഷന്മാരെയും നേരിട്ട് കണ്ട് പിന്തുണ തേടുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒന്നിനെ കൂടെ നിർത്താനുള്ള രാഷ്‌ട്രീയ തന്ത്രമായാണ് പരിപാടിയെ പലരും വിലയിരുത്തുന്നത്.
മുൻപ് പലപ്പോഴും കേരളത്തിലെ ബിജെപി നേതൃത്വം ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ഉൾപ്പെടെ പിന്തുണ തേടുകയും അവരെ സന്ദർശിക്കുകയും ചെയ്‌തിരുന്നെങ്കിലും ഇടക്കാലത്ത് ഇതൊന്ന് മന്ദഗതിയിലായിരുന്നു. എന്നാൽ ഈ പരിപാടി കൂടുതൽ ശക്തിപ്പെടുത്താനാണ് ഇപ്പോൾ നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, നിലവിലെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾ ബിജെപിക്ക് ശുഭപ്രതീക്ഷ നൽകുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തന്നെയാണ് അവരുടെ ഉറച്ച പ്രതീക്ഷ. ഇടക്കാലത്ത് മണിപ്പൂർ കലാപം ഉൾപ്പെടെയുള്ളവ ക്രിസ്ത്യൻ വിഭങ്ങളുമായുള്ള അകൽച്ച വർധിപ്പിച്ചുവെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഇതിനെ മറികടക്കാനാണ് പുതിയ നീക്കവുമായി ബിജെപി രംഗത്ത് വരുന്നത്.
കേരളത്തിൽ നടന്ന പലസ്‌തീൻ അനുകൂല റാലികൾ ഉൾപ്പെടെ പ്രചാരണ ആയുധമാക്കുന്ന ബിജെപി ക്രിസ്ത്യൻ വിഭാഗത്തെ കൂടുതൽ അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് വിജയിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു. ഇതിന്റെ ഭാഗമായാണ് പത്ത് ദിവസം നീളുന്ന പരിപാടിക്ക് ബിജെപി ഒരുങ്ങുന്നത്.












Click it and Unblock the Notifications