ചിറ്റൂരിൽ എൽഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദമായതോടെ പോസ്‌റ്റ് പിൻവലിച്ചു
പാലക്കാട്: ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർത്ഥി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റിൽ വിവാദം പുകയുന്നു. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ പ്രാണേഷ് രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു എൽഡിഎഫിന് വോട്ട് തേടി കൊണ്ടുള്ള പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ മിനിറ്റുകൾക്ക് അകം തന്നെ ഈ പോസ്‌റ്റ് നീക്കം ചെയ്‌തെങ്കിലും വലിയ വിവാദമാണ് ഉടലെടുത്തത്.
വോട്ടെടുപ്പ് ദിവസം തന്നെ ഉണ്ടായ ഈ സംഭവ വികാസത്തിന് പിന്നാലെ പ്രാണേഷ് രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്റെ ഫേസ്‌ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാണേഷ് രാജേന്ദ്രൻ പോലീസിനെ സമീപിച്ചത്. ഏറ്റവും പുതിയ പോസ്‌റ്റിൽ പോലീസിൽ പരാതി നൽകിയതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരാതിയുടെ പകർപ്പ് ഉൾപ്പെടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി മുരുകദാസിന് വോട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് പ്രാണേഷ് രാജേന്ദ്രന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തന്നെ അത് ഒഴിവാക്കിയെങ്കിലും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ഷെയർ ചെയ്യുന്നത്.
നടന്ന സംഭവം ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി ഡീൽ നടക്കുന്നുണ്ടെന്ന തങ്ങളുടെ വാദങ്ങൾ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാണേഷ് രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം: ജനാധിപത്യത്തെ അപഹസിക്കുന്ന കോൺഗ്രസ്സ് നാടകം: ചിറ്റൂർ തിരിച്ചടിക്കും! രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കാൻ കഴിയില്ലെന്ന ബോധ്യമായപ്പോൾ. തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോൺഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകൾക്ക് മുന്നിൽ അപരൻ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തത് ഇവരുടെ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവാണ്.
ജനങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്. അഡ്വ. വി. മുരുകദാസിന്റെ ചിഹ്നമായ മോതിരത്തിന് പകരം സമാനമായ ചിഹ്നങ്ങൾ പ്രചരിപ്പിക്കുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾ ചിറ്റൂരിന്റെ ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണ്.നാടിന്റെ നന്മയും വികസനത്തുടർച്ചയും ആഗ്രഹിക്കുന്ന ചിറ്റൂരിലെ പ്രബുദ്ധരായ ജനത ഈ കുത്സിത നീക്കങ്ങളെ തള്ളിക്കളയും. നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്. നമ്മുടെ ചിഹ്നം: മോതിരം, വോട്ട് എൽഡിഎഫിന്.
നേരത്തെ മന്ത്രി കെ കൃഷ്‌ണൻകുട്ടിയായിരുന്നു ഈ മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത്. ഇക്കുറി ഐഎസ്‌ജെഡിയുടെ മുരുകദാസ് ആണ് സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. യുഡിഎഫിന് വേണ്ടി സുമേഷ് അച്യുതനും എൻഡിഎക്ക് വേണ്ടി പ്രാണേഷ് രാജേന്ദ്രനുമായിരുന്നു മത്സരം. അതിനിടയിൽ ഇന്നത്തെ സംഭവം മണ്ഡലത്തിൽ ഉടനീളം വലിയ രീതിയിൽ ചർച്ചയാവുകയാണ്.












Click it and Unblock the Notifications