മന്ത്രി അഹമ്മദ് ദേവർ കോവില്‍ രാജിവെക്കണമെന്ന് ബിജെപി: നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും
കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തില്‍ വിമർശനം ശക്തമാക്കി പ്രതിപക്ഷ പാർട്ടി നേതാക്കള്‍. സംഭവത്തില്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കാസർകോട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പതാക തലകീഴായി ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമാണ്. റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്താന്‍ പാടില്ലായിരുന്നു.
തലകീഴെ മറിഞ്ഞ് നിൽക്കുന്ന സർക്കാറിനു ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രമെന്നായിരുന്നു കെ പി സി സി വർക്കിങ് പ്രസിഡന്റും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദീഖ് പ്രതികരിച്ചത്. 'സർക്കാറിനെ സിംപോളിക്കായി അവതരിപ്പിച്ച മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിലിനു എല്ലാ ഭാവുകങ്ങളും നേരുന്നു... തലകീഴെ മറിഞ്ഞ് നിൽക്കുന്ന സർക്കാറിനു ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രം'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആവശ്യം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർഗോഡ് ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയർത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്ന കാര്യമല്ല.
പാതക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിൽ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാൽ സംഭവം ഡിജിപി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍
കാസർഗോഡ് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തും ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയർത്തുക മാത്രമല്ല പിന്നീട് തലകീഴായ പതാകയെ മന്ത്രി സല്യൂട്ടും ചെയ്തു. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ്മദ് ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണം. മന്ത്രിസഭയിൽനിന്ന് മന്ത്രി അഹമ്മദ് കോവിലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കൂടാതെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് ഉടൻ സസ്പെന്റ ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മന്ത്രിക്കും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അബന്ധം പറ്റിയത്. തലതിരിച്ച് പതാക ഉയർത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ട് അർപ്പിക്കുകയും ചെയ്തിരുന്നു. പതാക ഉയർത്തിയത് തലതിരിച്ചാണെന്ന് പിന്നീട് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതർക്ക് വീഴ്ച ബോധ്യപ്പെട്ടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയില്‍ വീണ്ടും ഉയർത്തി. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് എഡിഎം അറിയിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ദേശീയ പതാക ഉയർത്തിയപ്പോൾ തലകീഴായ സംഭവം ദുഖകരമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പിഴവ് മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയ ഉടനെ തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ വിഷയം ഗൗരവമായിട്ടാണ് കാണുന്നത്. ഇതിൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications