'രാവിലെ ബിജെപി, വൈകീട്ട് കോൺഗ്രസ്...'; മറിയക്കുട്ടിക്ക് എതിരെ വിമർശനം കടുപ്പിച്ച് സിപിഎം
ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ യാചനാ സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയ മറിയക്കുട്ടിക്കെതിരെ വിമർശനം ശക്തമാക്കി സിപിഎം. ഇന്നത്തെ യുഡിഎഫ്, ബിജെപി രാഷ്ട്രീയ അധപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ന്യൂനപക്ഷമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ക്രിസ്‌തുസ് സായാഹ്ന പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു. ഈ വേദിയിലും മറിയക്കുട്ടി സംസ്ഥാന സർക്കാരിനെതിരെയും കേരള പോലീസിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയത്.

'രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്‌താവന അതിന് തെളിവാണ്. കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണിത്. അവരെയെന്തിനാണ് ഭയപ്പെടുന്നത്.' എന്നായിരുന്നു സിവി വർഗീസിന്റെ ചോദ്യം.
കോൺഗ്രസിനെയും വിഷയത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. 'ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെയും ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നത് പോലുമില്ല' സിവി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ബിജെപി വേദിയിൽ മറിയക്കുട്ടി പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയന്റെ ഭരണം ജനങ്ങള്‍ക്ക് മടുത്തെന്നായിരുന്നു അവർ പറഞ്ഞത്. പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പോലീസ് നല്‍കുന്നത് ഉമ്മയാണ്. എന്നാല്‍, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയും ചെയ്യും. സമരം ചെയ്‌തവരെ തല്ലിയ പോലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടുമെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ ജനങ്ങള്‍ക്ക് അരി കിട്ടുന്നില്ല, പെന്‍ഷനും കിട്ടുന്നില്ല. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. അരി തരുന്നത് പ്രധാനമന്ത്രി മോദിയാണ്. പിണറായി വിജയന്റെ ഗുണ്ടകള്‍ക്കാണ് ഇവിടെ ജോലി കിട്ടുന്നത്.
സിപിഎം ഒഴികെ ആരു വിളിച്ചാലും താന്‍ അവരുടെ വേദികളില്‍ പോകുമെന്നും മറിയക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു.
ക്ഷേമ പെൻഷൻ വിഷയത്തിൽ മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. സർക്കാരിന്റെ ഉരുക്കുമുഷ്‌ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.












Click it and Unblock the Notifications