Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിലെ ഗവർണറാക്കി നിയമിച്ച് ബിജെപി കങ്കാണിപ്പണി ചെയ്യിക്കുന്നു', രൂക്ഷമായി വിമർശിച്ച് എംഎ ബേബി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ചരിത്രകാരൻ ഇർഫാൻ ഹബീബിനും കണ്ണൂർ സർവ്വകലാശാല വിസിക്കും എതിരെ ഗവർണർ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് എംഎ ബേബിയുടെ പ്രതികരണം.

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ഗവർണറാക്കി നിയമിച്ച് കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര - സംസ്ഥാന ബിജെപി നേതൃത്വങ്ങൾ എന്ന് എംഎ ബേബി കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എംഎ ബേബിയുടെ കടുത്ത വിമർശനം.

1

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' മൂന്നരപ്പതിറ്റാണ്ടു മുമ്പ് 1986ൽ, ഞാൻ ആദ്യമായി രാജ്യസഭാംഗമായ വർഷമാണ് കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പം മന്ത്രിമാരായിരുന്ന വിപി സിങിനും അരുൺ നെഹ്രുവിനുമൊപ്പം കോൺഗ്രസ് പാർട്ടി വിടുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെൻറിൽ അവതരിപ്പിച്ച, മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീകളുടെ ജീവനാംശാധികാരവുമായി ബന്ധപ്പെട്ട് വളരെ മനുഷ്യത്വവിരുദ്ധമായ വ്യവസ്ഥകൾ ഉള്ളതുമായ മുസ്ലിം വ്യക്തിനിയമ ഭേദഗതിയോടുള്ള വിയോജിപ്പാണദ്ദേഹം കോൺഗ്രസ് വിടാൻ അന്ന് ഉന്നയിച്ച കാരണം.

2

1984 മുതൽ 1990 വരെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിനുള്ളിലെ പരിഷ്കർത്താവ് എന്ന ഒരു ചിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിൻറെ രാഷ്ട്രീയം പിന്നെ പലവഴികൾ മാറി സഞ്ചരിച്ചു. ജനതാദൾ വിട്ട അദ്ദേഹം ബിഎസ്പിയിൽ ചേർന്നു. പല മാറ്റങ്ങൾക്കുശേഷം ഒടുവിൽ ബിജെപിയിൽ ചേരുന്ന ദുര്യോഗവും അദ്ദേഹത്തിനുണ്ടായി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് നീതികരണം ചമയ്ക്കാനുള്ള ഒരു മുസ്ലിം മുഖമാണദ്ദേഹമിന്ന്.

3

അങ്ങനെയുള്ളവർ ചരിത്രത്തിലെങ്ങും ഉള്ളതിനാൽ നമുക്ക് ഇദ്ദേഹത്തെ അങ്ങ് അവഗണിക്കാമായിരുന്നു. പക്ഷേ, നമ്മുടെ ദൌർഭാഗ്യത്തിന് അദ്ദേഹത്തെ കേരളത്തിലെ ഗവർണറാക്കി നിയമിച്ച് ഇവിടെ നിറുത്തി കങ്കാണിപ്പണി ചെയ്യിക്കുകയാണ് കേന്ദ്ര - സംസ്ഥാന ബിജെപി നേതൃത്വങ്ങൾ. കേരളത്തിൽ വന്ന അദ്ദേഹം ബിജെപിയുടെ താല്പര്യസംരക്ഷണം മാത്രമല്ല ചെയ്യുന്നത്. പ്രൊഫ. ഇർഫാൻ ഹബീബിനെപ്പോലുള്ള ജ്ഞാനവൃദ്ധരെ മുകളിൽ നിന്നുള്ള ആജ്ഞപ്രകാരം അപമാനിച്ച് നമ്മുടെ അന്തരീക്ഷം മലീമസമാക്കുന്നു.

4

അലിഗഡ് സർവകലാശാലയിൽ ആരിഫ് മുഹമ്മദ് ഖാൻ ഒരു സാധാരണ വിദ്യാർത്ഥിനേതാവായിരുന്ന കാലത്തേ സർവാദരണീയനായ അദ്ധ്യാപകനും ലോകപ്രശസ്ത ചരിത്രകാരനുമായിരുന്നു പ്രൊഫസർ ഇർഫാൻ ഹബീബ്. മദ്ധ്യകാല ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പണ്ഡിതൻ. പ്രാചീന ഇന്ത്യാ ചരിത്രത്തിൽ പ്രൊഫ. റൊമിള ഥാപ്പറും ആധുനിക ഇന്ത്യാ ചരിത്രത്തിൽ പ്രൊഫ. ബിപൻ ചന്ദ്രയും മധ്യകാല ഇന്ത്യാ ചരിത്രത്തിൽ പ്രൊഫ. ഇർഫാൻ ഹബീബും ആണ് ഏറ്റവും സമുന്നതമായ ആധികാരികത നേടിയ പണ്ഡിത പ്രമുഖർ.

കുട്ടിക്കാലത്തെ മുതല പിടുത്തം മുതല്‍ നാടകം കളി വരെ: മോദിയെ കുറച്ചുള്ള ചില കൗതുക വാർത്തകള്‍

5

പ്രൊഫസർ ഇർഫാൻ ഹബീബ് എഴുതിയ താഴെപ്പറയുന്ന ചരിത്രഗ്രന്ഥങ്ങൾ ഇല്ലാതെ ഇന്ത്യാചരിത്രപഠനം അസാധ്യമാണ്. അത്രമേൽ വലുതാണ് തന്റെ ജ്ഞാനമേഖലയിൽ ഈ മഹാപണ്ഡിതൻറെ സ്ഥാനം. The Agrarian System of Mughal India 1556–1707, An Atlas of the Mughal Empire: Political and Economic Maps With Detailed Notes, Bibliography, and Index., Essays in Indian History – Towards a Marxist Perception.,The Economic History of Medieval India: A Survey., Medieval India: The Study of a Civilization. ശ്രീ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഒച്ചയുണ്ടാക്കിയും ശകാരപദങ്ങൾ കോരിച്ചൊരിഞ്ഞുമല്ല പ്രൊഫസർ ഇർഫാൻ ഹബീബ് സമൂഹത്തിൽ ബഹുമാനവും പണ്ഡിതമനസ്സുകളിലെ മതിപ്പും നേടിയത്.

6

ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറയുന്ന അസഭ്യവാക്കുകൾ കൊണ്ട് ആ ബഹുമതി ഇല്ലാതാവുകയുമില്ല. കേരള ഗവർണർ എന്ന പദവിക്ക് ഉണ്ടാവുന്ന താഴ്ചയും മലയാളി അന്തരീക്ഷത്തിലുണ്ടാവുന്ന മലിനീകരണവും മാത്രമാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാൻറെ സംഭാവനയായി അവശേഷിക്കുക. കേരളഗവർണർ എന്ന നിലയിൽ പ്രവർത്തിക്കുന്നിടത്തോളം കേരളത്തിൻറെ രാഷ്ട്രീയസംവാദത്തിൻറെ മാന്യത കാത്തുസൂക്ഷിക്കാൻ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവണന്നഭ്യർത്ഥിക്കുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+