കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; നേതാവിനെ പുറത്താക്കി ബിജെപി: ബ്ലോക്ക് മെമ്പർ സ്ഥാനവും പോയി
ആലപ്പുഴ: കളഞ്ഞു കിട്ടിയ എ ടി എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ നേതാവിനെ സസ്പെന്‍ഡ് ചെയ്ത് ബി ജെ പി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് ബി ജെ പി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം തന്നെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സുകന്യക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതായി ജില്ലാ അധ്യക്ഷന്‍ സന്ദീപ് വചസ്പതി അറിയിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് നടപടി. 'പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിരുവൻവണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജന്യ ഗോപിയെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ്റെ നിർദ്ദേശപ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെയ്ക്കാനും സുജന്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.' ബി ജെ പി ജില്ലാ അധ്യക്ഷന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോന് കളഞ്ഞ് കിട്ടിയ എ ടി എം കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കളഞ്ഞ് കിട്ടിയ എ ടി എം കാർഡ് സലീഷ് മോന്‍ സുകന്യയെ ഏല്‍പ്പിച്ചെങ്കിലും ഇരുവരും ചേർന്ന് മൂന്ന് എ ടി എമ്മുകളില്‍ നിന്നായി പണം പിന്‍വലിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ എ ടി എം ആയിരുന്നു കളഞ്ഞ് പോയത്. പണം പിന്‍വലിച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിച്ചയുടനെ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ മാസം 14 ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. സുജന്യയേയും സലീഷ് മോനേയും ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications