ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്‌ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച നടൻ കൃഷ്‌ണകുമാറിന് ഇക്കുറി സീറ്റില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ രണ്ട് പ്രമുഖ നേതാക്കൾക്ക് സീറ്റ് നൽകിയിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകതകളിൽ ഒന്ന്.
പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവറ കെആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയൻകീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടിഎൻ സുരേഷ്, നെയ്യാറ്റിൻകര രാജശേഖരൻ നായര്‍ എന്നിവരാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥികൾ.

ഇതോടെ 97 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കരമന ജയനെയാണ്. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ ഇവിടെ പരിഗണിച്ചില്ല. പകരം കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് വിട്ട് വന്ന രണ്ട് പേർക്കാണ് ഈ പട്ടികയിൽ സീറ്റ് നൽകിയിരിക്കുന്നത്. ബിഎസ് അനൂപ്, ആർഎസ് അരുൺ രാജ് എന്നിവരെയാണ് ബിജെപി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. ആർജെഡി വിട്ട് ഐഎസ്ജെഡിയിൽ ചേർന്ന ടിഎൻ സുരേഷ് കോവളത്തും മത്സരിക്കും. നേരത്തെ ഇടത് സ്ഥാനാർത്ഥിയാവാൻ ആർജെഡി വിട്ട സുരേഷിനെ അവർ പരിഗണിച്ചിരുന്നില്ല.
അതേസമയം, ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 39 പേരുടെ പട്ടികയായിരുന്നു പുറത്തുവിട്ടത്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിലും റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിലും മത്സരിക്കും. നാട്ടികയിൽ സിപിഐ വിട്ടുവന്ന നിലവിലെ എംഎൽഎ സിസി മുകുന്ദനാണ് സ്ഥാനാർഥി.
പാർട്ടിയുടെ ചാനലുകളിലെ മുഖമായ ബി ഗോപാലകൃഷ്‌ണൻ ഗുരുവായൂരിലും പറവൂരിൽ വത്സല പ്രസന്ന കുമാറുമാണ് സ്ഥാനാർത്ഥികൾ. ആദ്യപട്ടികയിൽ 47 സ്ഥാനാർത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ പാർട്ടിയിലെ ഉന്നത ഭാരവാഹികൾക്ക് പുറമേ സ്വതന്ത്ര പരിവേഷമുള്ള, സെലിബ്രിറ്റി മുഖങ്ങളെ കൂടി ബിജെപി കൂടുതലായി രംഗത്തിറക്കുന്നുണ്ട്. മേജർ രവി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണമാണ്.












Click it and Unblock the Notifications