'ഹണിയുടെ കൈ ബലമായി പിടിച്ചിട്ടില്ല, മാർക്കറ്റിങിനായി ചില തമാശകൾ പറയാറുണ്ട്'; പ്രതികരിച്ച് ബോബി ചെമ്മണ്ണൂർ
കൊച്ചി: തുടർച്ചയായി ലൈംഗിക ചുവയോടെ അധിക്ഷേപ പരാമർശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. ഹണി റോസിനോട് ഒരിക്കലും തെറ്റായ ഉദ്ദേശത്തോടെ താൻ പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂർ മറുപടി നൽകിയത്. ഹണി റോസിന്റെ പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ആരാധകർ ബോചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ.
ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ബോബി ചെമ്മണ്ണൂർ മനോരമ ന്യൂസിനോട് പറഞ്ഞത്. ഹണിയെ ആഭരണങ്ങള്‍ അണിയിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ടെന്നും ബോചെ വ്യക്തമാക്കി. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്റുകളായി വളച്ചൊടിക്കുകയാണെന്നും ബോബി ചെമ്മണ്ണൂർ ആരോപിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീല അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിൽ നൽകിയ പരാതിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ഹണി റോസ് തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തു. ബോബി ചെമ്മണ്ണൂരിനോട് പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കാൻ പറഞ്ഞ ഹണി റോസ് താൻ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു എന്നാണ് അറിയിച്ചത്.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹണി റോസിനുള്ള പിന്തുണ കൂടുകയാണ്. ഇൻസ്‌റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പങ്കുവച്ച പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് വെറും മാസല്ല, കോല മാസാണ് എന്നാണ് ഒരാൾ നൽകിയ കമന്റ്. ആളിന്റെ പേര് കൂടി പറഞ്ഞ് ഇതുപോലെ പ്രതികരിക്കണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഒരു വ്യക്തി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഹണി റോസ് ഫേസ്‌ബുക്കിൽ പോസ്‌റ്റ് പങ്കുവച്ചിരുന്നു. എന്നാൽ ഇതിന് താഴെ നിരവധി പേരാണ് മോശം കമന്റുകൾ രേഖപ്പെടുത്തിയത്. ഇതോടെ താരം നിയമ നടപടികളിലേക്ക് കടക്കുകയായിരുന്നു.
എറണാകുളം സെൻട്രൽ പോലീസിൽ നൽകിയ പരാതിയിൽ മുപ്പതോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് വെളിപ്പെടുത്തി കൊണ്ട് ഹണി റോസ് ഇപ്പോൾ നേരിട്ടുള്ള പരാതി പോലീസിന് കൈമാറിയിരിക്കുന്നത്.
നേരത്തെ ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിന്റെ ചേർത്തല ബ്രാഞ്ച് ഉദ്‌ഘാടനത്തിന് എത്തിയ ഹണി റോസിനോട് ബോബി ചെമ്മണ്ണൂർ മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോക്ക് താഴെ ബോബിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിന്റെ തുടർച്ചയായി ചില ഓൺലൈൻ മീഡിയകളോട് ബോബി ചെമ്മണ്ണൂർ ഹണി റോസിനെ കുറിച്ച് നടത്തിയ പരാമർശങ്ങളും എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.












Click it and Unblock the Notifications