തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വ്യാജം
തിരുവനന്തപുരം: ആശങ്കയായി തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഭീഷണിക്ക് പിന്നാലെ രണ്ട് ഇടങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. പോലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ രണ്ടിടത്തേക്കും ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘം തിരിക്കുകയായിരുന്നു.
തെലങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ച വ്യക്തിയെ കുറിച്ചും കൃത്യമായ വിവരം പോലീസിന് ലഭിച്ചെന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം തെലങ്കാനയിലേക്ക് പോവുമെന്നാണ് വിവരം. ഭീഷണിക്ക് പിന്നിലുള്ള വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഭീഷണി സന്ദേശം വന്നതിന് പിന്നാലെ കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലും ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സുരക്ഷ ശക്തമാക്കാനാണ് യോഗത്തിൽ തീരുമാനമായത്.
രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ പൊട്ടുമെന്നുമാണ് സന്ദേശത്തിൽ അറിയിച്ചിരുന്നത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റെയിൽവേ അറിയിച്ചത്. പ്രോട്ടോകോൾ പ്രകാരമുള്ള പരിശോധനകൾ പൂർത്തിയായി. ട്രെയിൻ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും റെയിൽവേ അറിയിച്ചു.
സിഎസ്എഫ് പോലീസും ചേർന്ന് വിമാനത്താവളത്തിലെ റൺവേയിൽ അടക്കം പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. സന്ദേശം വ്യാജമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എങ്കിലും അടുത്ത മണിക്കൂറുകളിലും വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.
അടുത്ത കാലത്തായി വിമാനങ്ങൾക്ക് ഉൾപ്പെടെ വ്യാജ ബോംബ് ഭീഷണി കൂടുതലായി ഉയർന്നുവരുന്നത് ആശങ്കൾക്ക് ഇടയാക്കിയിരുന്നു. നിരവധി വിമാന സർവീസുകളെയാണ് കഴിഞ്ഞ കാലത്തായി ഇത് ബാധിച്ചത്. വിമാനത്താവളങ്ങൾ മാത്രമല്ല, സ്‌കൂളുകൾ പോലും ഇതിന്റെ ഇരയായിരുന്നു. ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളുകളാണ് ഇരയായത്.












Click it and Unblock the Notifications