ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഈ തുക ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ കെട്ടിവയ്ക്കണം. ദുരന്തം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക ഉപയോഗിക്കാം. തീപിടത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വകരിക്കണമെന്ന നിര്‍ദ്ദേശവും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
Sleeping Tips: എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാകുന്നില്ലേ, പേടിക്കേണ്ട, എളുപ്പവഴികള്‍ ഇവിടെയുണ്ട്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മോശം ഭരണമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വേണ്ടി വന്നാല്‍ 500 കോടി പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ കേസെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായാണ് ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്.
കഴിഞ്ഞ ദിവസത്തെ രണ്ടംഗ ബെഞ്ചിന് പകരം ഇന്നലെ ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ ആദര്‍ശ കുമാര്‍ ഗോയല്‍ നേരിട്ട് വിഷയം പരിഗണിക്കുകയായിരുന്നു. വിശദീകരണം എന്തായാലും ഉത്തരവ് പാസാക്കുമെന്നും വ്യക്തമാക്കി. അതേസമയം, കേരള ഹൈക്കോടതി സ്വമേധയ കേസെടുത്തെന്നും ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ാനും കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് വാദിച്ചെങ്കിലും ട്രൈബ്യൂണല്‍ വഴങ്ങിയില്ല. കൂടാതെ ഹൈക്കോടതി നടപടികളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.അതേസമയം, ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ കോര്‍പ്പറേഷന് നിയമപരമായി ചോദ്യം ചെയ്യും. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീല്‍ നല്‍കാം.
അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷനാണ് ഫയര്‍ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല. ബ്രഹ്മപുരത്തെ മുഴുവന്‍ പ്രദേശവും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.
ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങള്‍ ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചെറിയൊരു തീപിടിത്തമുണ്ടായാലും തീ അണയ്ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. തീപിടിത്തമുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഫയര്‍ ആന്റ് റെസ്‌ക്യൂ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.
ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഓരോ വീടും കയറി ആരോഗ്യ സര്‍വേ പുരോഗമിക്കുകയാണ്. സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താന്‍ നിര്‍ദേശിക്കും. ടെലിഫോണ്‍ വഴിയും സേവനം ലഭ്യമാക്കും.












Click it and Unblock the Notifications