'കഴുത്തിൽ ബെൽറ്റ് ഇടും, തറയിൽ നാണയമിട്ട് നക്കാൻ പറയും, വായിൽ ഉപ്പിടും', കൊച്ചിയിൽ ക്രൂര തൊഴിൽപീഡനം
കൊച്ചി: കേരള മനസാക്ഷിയെ നടുക്കുന്ന തൊഴിൽപീഡനത്തിന്റെ വിവരങ്ങൾ പുറത്ത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് തൊഴിലാളികളെ വളർത്തുമൃഗങ്ങളേക്കാൾ മോശം രീതിയിൽ പരിഗണിക്കുന്നതായി ആരോപണം ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന സ്വകാര്യ കമ്പനിയിലാണ് തൊഴില്‍ പീഡനം നടന്നതായി പറയപ്പെടുന്നത്.
ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത ജീവനക്കരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കുന്ന പതിവുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരുടെ നേരെ നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവരുന്ന വിവരം. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തു നിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ആറ് മാസത്തെ ട്രെയിനിംഗിന്റെ പേരിൽ ജോലിക്കെടുത്ത ആളുകൾക്കാണ് ക്രൂര പീഡനത്തിന് ഇരയാകേണ്ടി വന്നത്. വീടുകയറി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന കമ്പനിയാണ് ആരോപണ വിധേയപമായിട്ടുള്ള സ്ഥാപനം. ജീവനക്കാർക്ക് നേരെയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ഉയരുന്നത്.
കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിൽ ഇട്ട നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ച ശേഷം പരസ്‌പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക എന്നിങ്ങനെ ഒട്ടേറെ കൃത്യങ്ങൾക്കാണ് ജീവനക്കാർ വിധേയമായത്.
എന്നാൽ പലരും പീഡനം ഭയന്ന് പരാതി നൽകാൻ ഉൾപ്പെടെ മടിക്കുകയാണെന്ന് പുറത്തുപോയ ജീവനക്കാർ പറയുന്നു. ചിലർ സംഭവത്തിൽ പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കി വരുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ ആറ് മാസത്തിന് ശേഷം പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്‌ദാനം ചെയ്‌താണ് ജോലിക്കെടുക്കുന്നത്.
നേരത്തെയും ഈ സ്ഥാപനത്തിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈലിനെ പെരുമ്പാവൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം, സംഭവത്തിന്റെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അഭിഭാഷകൻ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. എന്നാൽ വീഡിയോയിൽ കാണുന്നതൊന്നും തങ്ങളുടെ ഓഫീസിൽ നടക്കുന്നതല്ലെന്നാണ് കമ്പനി അധികൃതരുടെ വാദം.
പ്രകടനം മെച്ചപ്പെടുത്താനുള്ള ചില നടപടികൾ മാത്രമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് അവർ നല്‍കുന്ന വിശദീകരണം. അതിനിടെ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എറണാകുളം ലേബൽ ഓഫീസറോടാണ് അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications