യുവാവിനെ പട്ടാപ്പകല്‍ അടിച്ചുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
തിരുവനന്തപുരം: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്ത് അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്റെ മകന്‍ കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതി ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായകിനെ ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് വക്കം തൊപ്പിക്കവിളാകം റെയില്‍വേഗേറ്റിന് സമീപമാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.

ബൈക്കില്‍ വരികയായിരുന്ന മണക്കാട്ട് വീട്ടില്‍ ഷബീറിനെ (23)യും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അക്രമിസംഘം തടഞ്ഞുവച്ച് മരക്കഷ്ണം ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയിലും കാലിലും മാരകമായ മര്‍ദ്ദനമേറ്റ ഷബീര്‍ തിങ്കളാഴ്ച ആശുപത്രിയില്‍വെച്ച് മരിച്ചു. സുഹൃത്ത് ഉണ്ണികൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചതാണ് പ്രതികളെ എളുപ്പം പിടികൂടാന്‍ കഴിഞ്ഞത്. മുഴുവന്‍ പ്രതികളെയും വീഡിയോ വഴി വ്യക്തമായിരുന്നു. നാളുകള്‍ക്കുമുന്‍പ് ഒരു പരിപാടിക്കിടെ ആനയുടെ വാല്‍പിടിച്ചുവലിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications