'ഇത് കേരള വിരുദ്ധം, ബജറ്റിൽ സംസ്ഥാനത്തിന്റെ ഒരു താൽപര്യവും സംരക്ഷിച്ചില്ല'; കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജന വിരുദ്ധമാണെന്നും കേരളത്തെ പാടെ അവഗണിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് നിരാശാജനമാണ്, രണ്ട് സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചതെന്നും ബാലഗോപാൽ ആരോപിച്ചു. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്നും ബാലഗോപാൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായ പരിഗണന നൽകാൻ കേന്ദ്രം തയ്യാറാവണം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബിജെപി മന്ത്രിമാരും കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. വെറും പൊളിറ്റിക്കൽ ഗിമ്മിക്കായി ബജറ്റ് പ്രഖ്യാപനം മാറിയെന്നും ബാലഗോപാൽ ആരോപിച്ചു.

സംസ്ഥാനത്തിന്റെ ഒരു താൽപര്യവും സംരക്ഷിച്ചില്ല. തികച്ചും കേരള വിരുദ്ധമായ ബജറ്റാണിത്. അങ്ങേയറ്റം പ്രതിഷേധവും വിഷമവുമുണ്ട്. രാജ്യ നന്മയ്ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന ബജറ്റ് മോദി സർക്കാരിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി മാത്രം നടത്തിയ പൊളിറ്റിക്കൽ ഗിമ്മിക്കായി മാറി; കെഎൻ ബാലഗോപാൽ ആരോപിച്ചു.
ഫെഡറലിസത്തിന്റെ കാര്യം പറയാന്‍ മോദി സര്‍ക്കാരിന് അര്‍ഹതയില്ലെന്ന തെളിയിക്കുന്ന ബജറ്റാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമനം നടത്താൻ കേന്ദ്രം തയ്യാറാവുന്നില്ല. പല മേഖലയിലും ഫണ്ട് വെട്ടിക്കുറിച്ചിരിക്കുകയാണ് ഭക്ഷ്യസബ്‌സിഡിയും വളം സബ്‌സിഡിയും ഗണ്യമായി വെട്ടിക്കുറച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.
ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിച്ചിട്ടും കേരളത്തെ തഴഞ്ഞ നടപടിയിൽ ബാലഗോപാൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ആന്ധ്രാ പ്രദേശ് വികസനത്തിനാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. കേരളമാകട്ടെ വെട്ടിക്കുറിച്ച ഫണ്ട് ഒരു പാക്കേജായി തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതു പരിഗണിച്ചില്ല. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപപോലും മാറ്റിവച്ചില്ലെന്നും എയിംസ് പരാമർശിച്ചു പോലുമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്ര ബജറ്റിൽ കേരളത്തിന് നൽകുന്ന പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രധാന വിമർശനം. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മും കോൺഗ്രസും ഇക്കാര്യത്തിൽ ഒരുപോലെ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
കാലങ്ങളായി കേരളം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന എയിംസ് അടക്കമുള്ള കാര്യങ്ങളിൽ യാതൊരു പരാമർശവും ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിരുന്നില്ല. റെയിൽവേ വികസനം എന്ന കേരളത്തിന്റെ ആവശ്യവും തള്ളിയിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ നിലവിലുള്ള റെയിൽവേ ലൈനിനൊപ്പം ഒന്ന് കൂടി ചേർക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. വിഴിഞ്ഞത്തിനു അവഗണനയായിരുന്നു ഫലം.












Click it and Unblock the Notifications