കേരളം പോലെ അവഗണിക്കപ്പെട്ട സംസ്ഥാനമില്ല, ബജറ്റിലെ പ്രഖ്യാപനം ഭരണം നിലനിര്‍ത്താനെന്ന് നിജേഷ് അരവിന്ദ്
കോഴിക്കോട്: ഏറെ പ്രതീക്ഷ വെച്ച കേന്ദ്ര ബജറ്റില്‍ നിന്നും കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ നിജേഷ് അരവിന്ദ്. ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാത്തിരുന്നത്. എന്നാല്‍ കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ബജറ്റ് എന്ന് നിജേഷ് അരവിന്ദ് വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു.
ജനാധിപത്യ ഇന്ത്യ രൂപപ്പെടുമെന്ന പ്രതീക്ഷ നമുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. പ്രത്യേകിച്ച് അതിശക്തമായ പ്രതിപക്ഷമെല്ലാം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ വളരെ ബാലന്‍സായിട്ടുള്ള ഒരു ബജറ്റായിരിക്കും പ്രഖ്യാപിക്കുകയെന്നായിരുന്നു കരുതിയതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, ബിജെപിയുടെ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് അനുകൂലമായ ബജറ്റാണ് ഇത്തവണ വന്നത്. തീര്‍ത്തും നിര്‍ഭാഗ്യകരമാണിത്. വിവേചനപരമായ ബജറ്റായി പോയി ഇത്തവണത്തേത്. കേരളം ഇത്രയും കാലം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് അടക്കമുള്ള യാതൊന്നും ലഭിച്ചില്ല. കടുത്ത അവഗണനയാണ് കേരളം നേരിട്ടിരിക്കുന്നത്.
ഇത്രത്തോളം അവഗണിക്കപ്പെട്ട മറ്റൊരു സംസ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. ഭരണം നിലനിര്‍ത്തണമെന്ന് ആഗ്രഹം കൊണ്ട് ബീഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രമാണ് മോദി സര്‍ക്കാര്‍ ബജറ്റില്‍ പരിഗണിച്ചിരിക്കുന്നത്. പ്രത്യേകിച്ച് യാതൊന്നും മുന്നോട്ട് വെക്കാനില്ലാത്ത ഒന്നാണ് ഈ കേന്ദ്ര ബജറ്റെന്നും നിജേഷ് അരവിന്ദ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ സാധാരണക്കാരനെ സഹായിക്കാവുന്ന പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല. അതുപോലെ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇല്ല. സംസ്ഥാനങ്ങളെ രണ്ട് തട്ടിലാക്കുന്നതാണ് ബജറ്റെന്നും നിജേഷ് അരവിന്ദ് കുറ്റപ്പെടുത്തി. അതേസമയം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ഏഴാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കുന്നതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കായി 1.52 ലക്ഷം കോടിയാണ് വകയിരുത്തിയത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക നൈപ്പുണ്യ പരിശീലന കേന്ദ്രങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബീഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരിയാണ് ബജറ്റില്‍ തുക അനുവദിച്ചത്. ആന്ധ്രാപ്രദശിന്റെ തലസ്ഥാന വികസനത്തിന് ധനസഹായം. 15000 കോടി രൂപ ലഭ്യമാക്കും. ബീഹാറിനും ധനസഹായമുണ്ട്. ബീഹാറിലെ ഹൈവേ വികസനത്തിന് 26000 കോടിയാണ് അനുവദിച്ചത്. സംസ്ഥാനത്ത് പ്രത്യേക മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനും സഹായം.
ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം നല്‍കും. അതുപോലെ ആന്ധ്രയിലെ പോളവാരം ജലസേചന പദ്ധതിക്കും സഹായമുണ്ട്. ബീഹാറിന്റെ 2 ക്ഷേത്ര ഇടനാഴികള്‍ക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications