'കേരളത്തെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്ത ബജറ്റ്, പൂർണമായും കോർപറേറ്റ് അനുകൂലം'; ഡോ. മേരി ജോർജ്
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്ന് പ്രമുഖ സാമ്പത്തിക വിദ്ഗധ ഡോ. മേരി ജോർജ് വൺഇന്ത്യ മലയാളത്തോട്. എയിംസ് ലഭിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിന്റെ പേര് പോലും പറയാത്ത ബജറ്റാണ് ഇക്കുറി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതെന്ന് മേരി ജോർജ് ആരോപിച്ചു. കേരളത്തിന്റെ ഒരാവശ്യവും പരാമർശിക്കാത്ത ബജറ്റ് തികച്ചും കോർപറേറ്റ് അനുകൂലമാണെന്നും അവർ പ്രതികരിച്ചു.
'എയിംസ് ഇല്ലെന്ന് മാത്രമല്ല, കേരളത്തെ കുറിച്ച് ഒരു പരാമർശം പോലും നടത്താൻ തയ്യാറാവാത്ത ബജറ്റ് ആയിരുന്നു ഇത്. ശരിക്കും ഇത് ഒരു കോർപറേറ്റ് അനുകൂല ബജറ്റ് ആണ്, അങ്ങനെ പറയുന്നതിലും ഇതിനെ ഒരു പ്രോ-ബീഹാർ, പ്രോ ആന്ധ്രാപ്രദേശ് ബജറ്റ് എന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം' ഡോ. മേരി ജോർജ് തന്റെ അഭിപ്രായം പങ്കുവച്ചു.

'മൂന്നാം നരേന്ദ്ര മോദി സർക്കാരിന് മുന്നണിയിൽ നിന്നുള്ള ശക്തമായ സമ്മർദ്ദം ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉടനീളം പ്രകടമായിരുന്നു എന്ന് കാണാം. മൂലധന ചിലവ് ഇടക്കാല ബജറ്റിൽ പറഞ്ഞിരുന്ന 11.11 ലക്ഷം കോടിയിൽ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഈ ബജറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്' മേരി ജോർജ് ചൂണ്ടിക്കാണിക്കുന്നു.
റെയിൽവേ മേഖലയിൽ ഒരു മാറ്റവും ബജറ്റ് വരുത്തില്ലെന്നും അവർ അഭിപ്രായപ്പെട്ടു. 'റെയിൽവേയിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ മേഖലയിലാവട്ടെ വലിയ മാറ്റം ആവശ്യമായിരുന്നു. കേരളം ചോദിച്ചിരുന്ന മൂന്നാമത്തെ പാത എന്ന ആവശ്യത്തെ കുറിച്ച് ബജറ്റിൽ പരാമർശങ്ങൾ ഒന്നും വന്നിട്ടില്ല. കൂടാതെ കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പാക്കേജിനെ കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ല. ഒരു തരത്തിലും കേരളത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനം ഇല്ലാത്ത ബജറ്റ് ആണിത്. കേരളം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല. ' മേരി ജോർജ് പറഞ്ഞു.
'കാർഷിക മേഖലയ്ക്ക് ചെറിയൊരു ഊന്നൽ നൽകിയിട്ടുണ്ട്. അതിന് കാരണം കർഷകർ ഒരു കാൽ സമര മുഖത്തേക്ക് വച്ചു എന്നത് കൊണ്ടാണ്. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന കാര്യങ്ങൾ പോലും വെട്ടിച്ചുരുക്കുന്ന പൂർണ ബജറ്റാണ് ഇന്ന് കണ്ടത്. മൂലധന ചെലവ് കൂട്ടുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചത്. എന്നാൽ അത് കൂട്ടിയില്ല' അവർ പറയുന്നു.
'അഭ്യസ്‌തവിദ്യരുടെ തൊഴില്ലായ്‌മ പരിഹരിക്കാൻ ഇന്റേൺഷിപ്പ് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വഴി തൊഴിൽ നേടുന്ന ആൾക്ക് ആദ്യത്തെ മാസത്തെ ശമ്പളത്തിൽ ആറായിരം രൂപ സർക്കാർ നൽകും. ബാക്കിയുള്ളവ സിഎസ്‌ഐആർ ഫണ്ട് വഴി കോർപറേറ്റുകൾ നൽകണം. ഇതൊരു നല്ല നടപടിയാണ്. എന്നാൽ 2014ൽ തന്നെ മോദി സർക്കാർ സ്‌റ്റാർട്ടപ്പ് ഇന്ത്യ, സ്‌റ്റാൻഡപ്പ് ഇന്ത്യ പദ്ധതി അവതരിപ്പിച്ചതാണ്' മേരി ജോർജ് വ്യക്തമാക്കി.
'എന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ഇപ്പോഴും അതേ നിലയിൽ തന്നെയാണ് അവ നിൽക്കുന്നത്. ഒന്നും നടക്കുന്നില്ല. നോട്ട് നിരോധനം പോലെയുള്ള മണ്ടൻ തീരുമാനങ്ങൾ എടുത്തു, ജിഎസ്‌ടി പോലെയുള്ളവ വേറെയും. ചെറുകിട വ്യവസായങ്ങളെ നോട്ട് നിരോധനം തകർത്തു. മുൻ പഠനം കൂടാതെയുള്ള ജിഎസ്‌ടി നടപ്പാക്കലും ഈ മേഖലയെ തകർത്തു' അവർ പറഞ്ഞു.
'ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം ബജറ്റിൽ ഇല്ല. രണ്ടര കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് അവർ പറയുന്നുണ്ട്. കാർഷിക മേഖലയ്ക്ക് ഒരു ഊന്നൽ ഉണ്ട്, പിന്നെ ഊർജ മേഖലയ്ക്ക് ചെറിയ താങ്ങ് നൽകിയിട്ടുണ്ട്. നമ്മുടെ തോമസ് ഐസക്കും ബാലഗോപാലും നടത്തുന്നത് പോലെ വാഗ്‌ദാനങ്ങൾ മാത്രമായി നരേന്ദ്ര മോദിയുടെ ബജറ്റും മാറിയിരിക്കുകയാണ് ഇപ്പോൾ, ഇതൊന്നും ഒന്നും നടക്കില്ല' ഡോ. മേരി ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications