'ദേവികുളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം'; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്
കൊച്ചി ∙ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു. അതേസമയം, അനുകൂല ഉത്തരവ് സുപ്രീംകോടതിയിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാൽ ഹൈക്കോടതിവിധി പൂർണാർഥത്തിൽ നടപ്പിലാക്കണമെന്നു കെ.സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് പറഞ്ഞ് എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്. വിജയം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച കോടതി സുപ്രീം കോടതിയെ സമീപിക്കാൻ പത്തു ദിവസം സമയം നൽകിയിരുന്നു.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ജനന, സ്കൂൾ സർട്ടിഫിക്കറ്റ് പ്രകാരം താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണ്. ഈ ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണു തന്നെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് ഹർജിയിൽ പറയുന്നു.
തൻറെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും പൂർവ്വികർ 1950ന് മുൻപു കേരളത്തിലേക്കു കുടിയേറിയവരാണെന്നും ഹർജിയിൽ വാദിക്കുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും രാജ ആവശ്യപ്പെടുന്നു. അതേസമയം, നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്.
എ രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണു വിധി.












Click it and Unblock the Notifications