എംപിമാര്‍ക്ക് അച്ഛാ ദിന്‍; പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സിന്‍ വന്‍ വര്‍ദ്ധനവ്
ദില്ലി: പാര്‍ലമെന്റില്‍ ജനസേവനത്തിനായി ചെന്നിരിക്കുന്ന ജനപ്രതിനിധികള്‍, ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളായ ഇവര്‍ക്ക് എന്തെല്ലാം ചെലവുകളുണ്ട്. പാര്‍ലമെന്റ് എംപിമാരുടെ വേദന ആരും കണ്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കാണും, അവര്‍ക്ക് യാതൊരു മടിയും കൂടാതെ അച്ഛാ ദിന്‍ സമ്മാനിക്കുകയും ചെയ്യും. പാര്‍ലമെന്റ് അംഗങ്ങളുടെ അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിത് ഇതിന് ഉത്തമ ഉദാഹരണമാണ്.
ജനങ്ങളെ സേവിക്കാന്‍ നിലവില്‍ കിട്ടുന്ന ശമ്പളം പോരാതെ വന്നതോടെയാണ് ഈ വര്‍ദ്ധനവ്. കക്ഷി-രാഷ്ട്രീയ-വര്‍ഗ്ഗീയ ചേരിതിരിവുകളില്ലാതെ എല്ലാ പാര്‍ട്ടി എംപിമാരും ഈ നീക്കത്തെ ഒരു പോലെ പിന്തുണയ്ക്കുന്നുണ്ട്. ക്യാബിനറ്റ് അംഗീകാരം ലഭിച്ചതോടെ മണ്ഡലത്തിലെ ബത്തയും, ഫര്‍ണീച്ചര്‍ ബത്തയും, മറ്റ് ആശയവിനിമയ ചെലവുകളും കുത്തനെ വര്‍ദ്ധിച്ച് പോക്കറ്റിലെത്തും. നിലവില്‍ മണ്ഡലത്തിലെ ചെലവുകള്‍ക്ക് 45,000 രൂപ നല്‍കിയിരുന്നത് 60,000 രൂപയായി വര്‍ദ്ധിക്കും.

എംപിയാകുമ്പോള്‍ ഓഫീസ് വേണം അവിടെ ഫര്‍ണീച്ചര്‍ വേണം, ഇതൊക്കെ ചെലവുള്ള കാര്യങ്ങളാണ്. ഇതിന് എംപിമാര്‍ക്ക് നിലവില്‍ നല്‍കി വരുന്നത് 75,000 രൂപയാണ്, ഇത് ഒറ്റത്തവണത്തേക്ക് 1 ലക്ഷമായി ഉയരും. എംപിമാരുടെ ശമ്പളം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നവീകരിക്കാന്‍ ഒരു പുതിയ രീതി കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇത് പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഒരുക്കുക.
50,000 രൂപ അടിസ്ഥാന ശമ്പളത്തിന് പുറമെയാണ് ഓരോ എംപിക്കും ഇത്രയധികം അലവന്‍സുകള്‍ ലഭിക്കുന്നത്. ഒരു എംപിയെ തീറ്റിപ്പോറ്റാന്‍ കേന്ദ്രത്തിന് പ്രതിമാസം 2.7 ലക്ഷം ചെലവുണ്ട്. നിലവില്‍ സ്പീക്കറെ ഒഴിവാക്കിയാല്‍ 536 ലോക്‌സഭാ എംപിമാരും, രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളുമുണ്ട്. രാജ്യസഭയില്‍ 239 അംഗങ്ങളും. ചെലവ് ഒന്ന് കണക്ക് കൂട്ടിയാല്‍ മതി.












Click it and Unblock the Notifications