'ഇനിയും കാത്തിരിക്കാൻ വയ്യെടാ, ആ കൊടുംതണുപ്പിൽ ഇപ്പോഴും കണ്ണടച്ചു കിടക്കുവാണ് രാജേഷ്'; വൈകാരിക കുറിപ്പ്
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പ്രമുഖ അവതാരകൻ രാജേഷ് കേശവിനെ കുറിച്ച് വൈകാരിക കുറിപ്പുമായി സുഹൃത്ത്. കുഴഞ്ഞുവീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ആശുപത്രിയിൽ തുടരുകയാണ് രാജേഷ് കേശവ്. അദ്ദേഹം എത്രയും പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നുമാണ് സുഹൃത്ത് ആയ പ്രതാപ് ജയലക്ഷ്‍മി പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു വൈകാരികമായ കുറിപ്പ് പ്രതാപ് പങ്കുവച്ചത്. രണ്ടാഴ്‌ചയായി ഐസിയുവിന് മുൻപിൽ രാജേഷിന് വേണ്ടി കാത്തിരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. രാജേഷിന്റെ തിരിച്ചുവരവ് വേഗത്തിൽ ആക്കാനായി അദ്ദേഹത്തിന് പ്രിയപ്പെട്ട ലാലേട്ടന്റെയും സുരേഷേട്ടന്റെയും എസ്‌കെഎന്നിന്റെയും ഒക്കെ ശബ്‌ദശകലങ്ങൾ കേൾപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചലച്ചിത്ര പ്രവർത്തകൻ കൂടിയായ പ്രതാപ് കുറിച്ചു.

ആശുപത്രി അധികൃതരുടെ ഇടപെടൽ എടുത്തുപറഞ്ഞ പ്രതാപ് എല്ലാവർക്കും മറുപടി നൽകാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയും ചെയ്‌തു. നിങ്ങളുടെ പ്രാര്‍ഥനകള്‍, സ്‌നേഹം എല്ലാം അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധമനസ് എല്ലാം കാണുന്നുണ്ടാവും, കേള്‍ക്കുന്നുണ്ടാവും. എല്ലാരേയും ഞെട്ടിച്ചുകൊണ്ട് അവന്‍ വരുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രതാപ് ജയലക്ഷ്‌മി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
പ്രതാപ് ജയലക്ഷ്‌മിയുടെ കുറിപ്പിന്റെ പൂർണരൂപം:
ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങീട്ട് രണ്ടാഴ്‌ച. ഇതിനിടയിൽ ഈ ഐസിയുവിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു.എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്.
ഡോക്‌ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്‌ദങ്ങൾ ഒക്കെ സദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്‌ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും,സുരേഷേട്ടനുമുണ്ട്, എസ്‌കെഎൻ, സുരാജുമുണ്ട്, ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഐസിയുവിലെ കാരുണ്യം നിറഞ്ഞ സിസ്‌റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് ആങ്കർ ചെയ്‌ത പരിപാടികളും ഇഷ്‌ടമുള്ള പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും.. കേൾക്കുന്നുണ്ടാവും... എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും... പ്രിയ രാജേഷ്..നീ ഒന്ന് കണ്ണു തുറക്കാൻ.. ഇനിയും കാത്തിരിക്കാൻ വയ്യെടാ.. ഒന്ന് പെട്ടന്ന് വാ മച്ചാ..
അതേസമയം, കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണതോടെയാണ് രാജേഷ് കേശവിനെ കഴിഞ്ഞ ഞായറാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി എന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. തുടർന്ന് ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കി. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും ശ്രദ്ധേയനായ രാജേഷ് കേശവ് വ്യത്യസ്‌ത ശൈലിയിലൂടെ ആരാധകരെ നേടിയിടുത്തിരുന്നു. ഇടക്കാലത്ത് വിവിധ സിനിമകളിലും രാജേഷ് വേഷമിട്ടിരുന്നു. 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്‌ജ്, 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'നീന', 'തട്ടുംപുറത്ത് അച്യുതന്‍' എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളിലാണ് രാജേഷ് കേശവ് അഭിനയിച്ചത്.












Click it and Unblock the Notifications