കേസ് കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയ നീക്കം; പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടി: ബിനീഷ്
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം നില്‍ക്കാനെത്തിയ രണ്ട് പേര്‍ പിന്മാറിയപ്പോഴാണ് ബിനീഷിന്റെ ജെയില്‍ മോചനം വൈകിയത്. കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്. കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കമായിരുന്നു കേസെന്നും സത്യം ജയിക്കുമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കേസിന് പിന്നിലെന്നും ഇഡി പറഞ്ഞ പേരുകള്‍ പറയാന്‍ തയ്യാറാകാത്തത് മൂലമാണ് ജയില്‍ വാസം നീണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപാധികളോടെയാണ് അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ 2 ആള്‍ജാമ്യത്തിനു പുറമേ, അനുമതിയില്ലാതെ രാജ്യം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും കൃത്യമായി ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു കോടതി മുന്നോട്ട് വച്ച ഉപാധികള്‍.
അതേസമയം ബിനീഷിന് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും അദ്ദേഹത്തിന് കുരുക്ക് മുറുകും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ ഒരു തവണ ചോദ്യം ചെയ്തതല്ലാതെ ഒരു നടപടിയും എന്‍സിബി ഇതുവരെ സ്വീകരിച്ചിട്ടില്ല.
ബിനീഷിന്റെ അടുത്ത സുഹൃത്തുക്കളും മലയാളികളുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികള്‍. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടില്‍ നിന്നും മുഹമ്മദ് അനൂപിന് പണം കൈമാറിയെന്ന രേഖകള്‍ ലഭിച്ചിരുന്നു. ഹോട്ടല്‍ വ്യവസായം നടത്താനെന്ന പേരിലാണ് ബിനീഷ് പണം കൈമാറിയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബിനീഷിനെതിരെ ഇത്രയും തെളിവുണ്ടായിട്ടും ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജന്‍സികളും ബിനീഷിനെ തേടിയെത്തിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications