അഭിരാമിയുടെ മരണം എന്‍സഫലൈറ്റിസ് സിന്‍ഡ്രോമിനെ തുടര്‍ന്ന്: ഹൃദയാഘാതം സംഭവിച്ചു
കോട്ടയം: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരി അഭിരാമി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. കുട്ടിയുടെ മരണകാരണം, അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി. മൃതദേഹം അല്‍പസമയത്തിനകം ബന്ധുക്കള്‍ കൈമാറി.
ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മരണത്തിന് പിന്നാലെ ചികിത്സ പിഴവ് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. പെരിനാട് ആശുപത്രിക്ക് എതിരെയാണ് അമ്മയും അച്ഛനും ആരോപണവുമായി രംഗത്തെത്തിയത്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രിയില്‍ പരിമിതികളുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ആഗസ്റ്റ് 14ന് ആണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. ശരീരത്തില്‍ ഏഴിടത്ത് കടിയേറ്റ അഭിരാമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിക്കാനാവു.
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ
പല്ല് കൊണ്ട് ആക്രമണങ്ങള്‍ക്ക് പുറമെ നഖങ്ങള്‍ കൊണ്ടും നായ ആക്രമിച്ചിരുിന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സയ്ക്ക് വേണ്ടി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിത വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്‌സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നത്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം ( കംപ്‌ളീറ്റ് ജീനോമിക് അനാലിസിസ് ) പൂന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ
അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വാക്‌സിന്‍ എടുത്ത ശേഷം നിരവധിപേര്‍ക്കാണ് വിഷബാധയേറ്റത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ടുപേരാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട് 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദാഹരണമാണ്. വാക്‌സിന്‍ എടുത്ത ശേഷം ആളുകള്‍ മരിക്കുന്നത് ഗൗരവതരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ഉപയോഗിക്കുന്ന പേ വിഷവാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വാക്‌സിന്റെ വിശ്വാസ്യതയെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗം നടത്തിയാല്‍ മാത്രം പോര. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications