സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വൈകീട്ട് പൊതുവേ മഴ എല്ലാ ജില്ലകളിലും കുറയാനാണ് ഇടയെങ്കിലും, രാത്രി വൈകിയും അർദ്ധരാത്രിയോടെയും വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ട്.
വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.സൗരാഷ്ട്രക്കും അറബിക്കടലിനും ഇടയിലാണ് ഇവ നിലകൊള്ളുന്നത്. ഇതിന്റെ സ്വാധീന ഫലത്താലാണ് മഴ കനക്കുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കാലവർഷം തുടങ്ങിയ ശേഷം പല ജില്ലകളിലും കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആറ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതയുള്ളത്. വരും ദിവസങ്ങളിൽ മധ്യ-വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. അതുകൊണ്ട് തന്നെ ബീച്ചുകളിലേക്കും മറ്റും പോവുന്നവർ ജാഗ്രത പുലർത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
തീരദേശവാസികൾ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോവുമ്പോൾ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസത്തെ ജാഗ്രതാ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേരളത്തിന്റെ തെക്കൻ മേഖലയിൽ കാലവർഷക്കാറ്റ് നിലവിൽ ദുർബലമാണ്. എങ്കിലും ഇന്ന് മുതൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴ ലഭിച്ചു തുടങ്ങും. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടെയുള്ള മഴയാണ് കിഴക്കൻ മേഖലകളിൽ പ്രതീക്ഷിക്കേണ്ടത്. കാലവർഷക്കാറ്റ് ദുർബലമാകുന്നതോടെയാണ് ഇടിയോട് കൂടെയുള്ള മഴ വീണ്ടും തിരികെ എത്തുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നിലവിൽ വടക്കൻ കേരളത്തിലാണ് കൂടുതലായി മഴ ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്നത്.












Click it and Unblock the Notifications