'കോൺഗ്രസിൽ സംഘപരിവാർ മനസുള്ള ചില നേതാക്കളുണ്ട്, ഐസക് വിഷയത്തിൽ അവർ ഇഡിക്കൊപ്പം'; മുഖ്യമന്ത്രി
കൊല്ലം: ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ കോൺഗ്രസിനെതിരായ വിമർശനം കൂടുതൽ ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് ഇരട്ട നിലപാടാണ് വച്ചു പുലർത്തുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. തോമസ് ഐസകുമായി ബന്ധപ്പെട്ട ഇഡി കേസ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നിശിത വിമർശനം നടത്തിയത്.
കേന്ദ്ര ഏജൻസികൾ തങ്ങൾക്ക് നേരെ വരുമ്പോൾ മാത്രം എതിർക്കുകയും, മറ്റുള്ള പാർട്ടികളെ ലക്ഷ്യം വയ്ക്കുമ്പോൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണിക്കാവിൽ എൽഡിഎഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അരവിന്ദ് കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌ത ഇഡി നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് ഇവിടെ ഐസകിനെതിരെ കേന്ദ്ര ഏജൻസി വരുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 'അരവിന്ദ് കേജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസ് പങ്കെടുത്തത് നല്ല കാര്യം. എന്നാൽ, തോമസ് ഐസക്കിന് നോട്ടീസ് അയച്ചപ്പോൾ കോൺഗ്രസും പ്രതിപക്ഷ നേതാവും ഒക്കെ ഇഡിയ്‌ക്കൊപ്പമായിരുന്നു' എന്നാണ് പിണറായി വിജയൻ പറഞ്ഞത്.
കൂടാതെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ് പ്രകടന പത്രികയിൽ പരാമർശം ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും ഇത് സംബന്ധിച്ച വിമർശനം പിണറായി വിജയൻ കോൺഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. കോൺഗ്രസിൽ സംഘപരിവാർ മനസുള്ള ചില നേതാക്കളുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നേരത്തെ കേന്ദ്ര സർക്കാരിനെതിരെ കൊല്ലത്ത് നടന്ന പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമേ രാജ്യത്ത് ആശ്വാസമുള്ളുവെന്നും അത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന് സമ്പന്നരെ അതിസമ്പന്നരാക്കുന്ന നയമാണ്. കേരളത്തില്‍ 2025 നവംബര്‍ ഒന്നാകുമ്പോഴേക്കും ഒരു കുടുംബം പോലും ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ലെണും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിന്നാണ് സിപിഎമ്മും കോൺഗ്രസും മത്സരിക്കുന്നത്. എന്നാൽ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എതിർ കക്ഷികളായി മത്സരിക്കുമ്പോൾ പോരാട്ടത്തിന് ചൂട് കൂടുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിക്കുന്നതും, ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കും ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം. മറുവശത്ത് സംസ്ഥാന സർക്കാരിന്റെ വീഴ്‌ചകളാണ് കോൺഗ്രസ് ആയുധമാക്കുന്നത്.












Click it and Unblock the Notifications