മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്; ഇത്ര തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി വേറെയില്ലെന്ന് സതീശന്‍
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക കേരള സഭയുടെ രണ്ട് മേഖല സമ്മേളനങ്ങള്‍ക്കായിട്ടാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്ര എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ മൂന്നിന് അമേരിക്കയില്‍ ലോകകേരള സഭയുടെ മേഖലാ സമ്മേളനം നടക്കുന്നുണ്ട്. സെപ്തംബറില്‍ സൗദി അറേബ്യയിലും ലോക കേരളസഭയുടെ മേഖലാ സമ്മേളനം നടക്കും.
അമേരിക്കയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായ ആറംഗ സബ് കമ്മിറ്റിയെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായ ഏഴംഗ സബ് കമ്മിറ്റിയേയും രൂപീകരിച്ചിട്ടുണ്ട്. എം എ യൂസഫലി, രവി പിള്ള എന്നിവര്‍ അംഗങ്ങളായുള്ള സബ് കമ്മിറ്റിയെയാണ് തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് ആണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

2022 ഒക്ടോബറില്‍ ലോകകേരള സഭയുടെ യൂറോപ്യന്‍ മേഖലാ സമ്മേളനം നടന്നിരുന്നു. ഇതില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമൊപ്പം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തത് വലിയ വിവാദവുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന്റെ വിമാനക്കൂലി ഒഴികെ 43 ലക്ഷം രൂപ ചെലവായി എന്നതടക്കമുള്ള വിവരങ്ങള്‍ ഇത് സംബന്ധിച്ച് പുറത്ത് വന്നിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിനിടെ ആണ് വീണ്ടും മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വിദേശയാത്രക്ക് കളമൊരുങ്ങുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ സംഘത്തിന്റേയും വിദേശയാത്രക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് ലോക കേരള സഭ എന്ന പേരില്‍ എല്ലാവരും കൂടി അമേരിക്കയിലേക്കും സൗദിയിലേക്കും ടൂറ് പോകാനാരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പു കുത്തുമ്പോഴാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 125 കോടി രൂപ അനുവദിക്കുന്നത്. ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഇത്ര തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ല എന്നും പൊലീസ് ജീപ്പിന് ഡീസലടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും സംഘവും രണ്ടാഴ്ചയോളം നീണ്ട് നില്‍ക്കുന്ന വിദേശ സന്ദര്‍ശനമായിരുന്നു നടത്തിയിരുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ വിദേശയാത്രയില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.












Click it and Unblock the Notifications