പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍; ആഘോഷിക്കാതെ മുഖ്യമന്ത്രി, ആഘോഷമാക്കാന്‍ പ്രവർത്തകർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കെയാണ് ഇത്തവണ പിറന്നാള്‍ ദിനം വന്നെത്തുന്നത്. ഇന്നലെ മുതല്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയ അദ്ദേഹം അടുത്ത അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാവും. സധാരണയായി പിറന്നാള്‍ ദിനം ആഘോഷിക്കാത്ത വ്യക്തിയാണ് പിണറായി വിജയന്‍. ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി ഇന്ന് എത്തുന്ന പ്രചരണ വേദിയില്‍ പ്രവർത്തകർ പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. വൈകീട്ട് അഞ്ചിന് വെണ്ണലയിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പൊതുപരിപാടി. 2016 ല്‍ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പുള്ള തലേദിവസമായിരുന്നു ജന്മദിനം. മാധ്യമപ്രവർത്തകർക്ക് മധുരം നല്‍കികൊണ്ട് അദ്ദേഹം തന്നെയായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്. 2021 ല്‍ ചരിത്രം തിരുത്തിക്കൊണ്ട് തുടർഭരണം നേടിയതിന് ശേഷം പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്ത പിണറായി പഞ്ചായത്തില്‍ 1945 മെയ് 24 നായിരുന്ന പിണറായി വിജയന്റെ ജനനം. സാധാരണ ചെത്ത് തൊഴിലാളി കുടുംബത്തില്‍ പിറന്ന അദ്ദേഹം താഴെതട്ട് മുതലുള്ള ഓരോ ചുവടും ചവിട്ടിക്കയറിയാണ് കേരത്തിന്റെ മുഖ്യമന്ത്രി പദം വരേയെത്തി നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ് എഫ് ഐയുടെ ആദ്യ രൂപമായ കെ എസ് എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.
കെ എസ് എഫിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പിണറായി ഡി വൈ എഫ് ഐയുടെ ആദ്യ രൂപമായ കെ എസ് വൈ എഫിന്റേയും സംസ്ഥാനതല നേതാവായി ഉയർന്നു. സി പി എം പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കണ്ണൂർ ജില്ലാ സെക്രട്ടറി പദവികളില്‍ പ്രവർത്തിച്ചു.1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് ആദ്യമായി കേരളം നിയമസഭാ അംഗമായി.1977, 1991,1996 വർഷങ്ങളിലും നിയമസഭയിലെത്തിയ പിണറായി വിജയന്‍ 96 ലെ നായനാർ മന്ത്രിസഭയില്‍ വൈദ്യുത വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.
ജോസഫിന്റ തെലുങ്ക് പതിപ്പിന് വിലക്കുമായി കോടതി: നടപടി പ്രദർശനം തുടരവെ
1998 ല്‍ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2015 വരെപാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2002-ൽ സി പി എം പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയില്‍ പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും 2007 ഒക്ടോബറില്‍ വീണ്ടും പോളിറ്റ് ബ്യൂറോയിൽ തിരിച്ചെത്തി.
സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് ശേഷം 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് സഭയിലെത്തിയ പിണറായി വിജയന്‍ കേരത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി. 2021 ല്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തുടർഭരണം നേടിയ ഇടതുമുന്നണിയുടെ അമരക്കാരനായി പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലെത്തി. കോണ്‍ഗ്രസിന്റെ സി രഘുനാഥിനെ വമ്പന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയായുള്ള പിണറായി വിജയന്റെ രണ്ടാം വരവ്. അതേസമയം മുഖ്യമന്ത്രിക്ക് ആശംസകള്‍ നേർന്ന് പാർട്ടി ഭേദമന്യേ നേതാക്കളും സാമൂഹ്യ-സംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications