ഒരിക്കലും സഹകരിക്കില്ല; ഉറപ്പ് ലംഘിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് പ്രത്യേക കമ്പനി രൂപീകരിച്ച് കേരളം ഏറ്റെടുക്കാമെന്ന് സംസ്ഥാനം നിര്‍ദേശിച്ചിരുന്നു. ഇത് തള്ളിയാണ് കേന്ദ്രം സ്വാകാര്യ മേഖലയ്ക്ക് 50 വര്‍ഷത്തേക്ക് നടത്തിപ്പ് അവകാശം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് പിന്തുണയും നല്‍കില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം പരിഗണിക്കാതെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരമാനം എടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് വിമാനത്താവള നടത്തിപ്പ് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 2003ല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ് നല്‍കിയതാണ്.
സംസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. താങ്കളും എനിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഉറപ്പ് നല്‍കിയതാണ്. അന്താരാഷ്ട്ര ടെര്‍മിനല്‍ പണിയാന്‍ സംസ്ഥാനം സൗജന്യമായി 23.57 ഏക്കര്‍ വിട്ടുനല്‍കിയിരുന്നു. വിമാനത്താവള നടത്തിപ്പിന് കമ്പനി രൂപീകരിക്കുമ്പോള്‍ ഈ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി കമ്പനിയില്‍ ഉണ്ടാകുമെന്ന ഉറപ്പിലാണ് സൗജന്യമായി നല്‍കിയത്. വലിയ ചെലവാണ് ഭൂമി ഏറ്റെടുത്ത വകയില്‍ സര്‍ക്കാരിന് വന്നത്. ഇക്കാര്യം 2018ലെ നീതി ആയോഗ് യോഗത്തില്‍ വിശദീകരിച്ചിരുന്നു.
വിമാനത്താവള നടത്തിപ്പ് പരിചയം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇപ്പോള്‍ പാട്ടത്തിന് കൈമാറിയിരിക്കുന്ന സ്വകാര്യ കമ്പനിക്ക് ആ പരിചയം ഇല്ല. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് തന്നെ നല്‍കണമെന്ന് കഴിഞ്ഞ ജൂണില്‍ അയച്ച കത്തിലും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ നിര്‍ദേശങ്ങളും തള്ളിയ സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി സഹകരിക്കാനാകില്ല. തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ബിജെപിക്ക് ശശി തരൂരിന്റെ ലോക്ക്; തരൂരിനെതിരേ നോട്ടീസുമായി ബിജെപി, വിവാദം കത്തുന്നു
പാകിസ്താന് ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല