Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; 'പകരം അതിവേഗ ഇടനാഴി പരിഗണനയിൽ'

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി സതീശൻ.

പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. അതിനാലാണ് നിലവിലെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.

silver line

സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്‌റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സിൽവർ ലൈനിന് പകരം സ്‌പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ടെന്നും പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്താണ് സിൽവർ ലൈൻ പദ്ധതി?

തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്‌പീഡ് റെയിൽ ഇടനാഴിയാണ് കേരള സിൽവർ ലൈൻ പദ്ധതി എന്ന പേരിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചത്. ഏകദേശം 12 മണിക്കൂർ യാത്രാസമയം നാല് മണിക്കൂറിനുള്ളിലേക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. വേഗമേറിയ യാത്രയെ അനുകൂലിക്കുന്നവർ ഇതിനെ പിന്തുണയ്ക്കുമ്പോൾ, ഉയർന്ന ചെലവ്, ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക ആഘാതം എന്നിവ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിൽ ഏകദേശം 529.45 കിലോമീറ്റർ ദൂരത്തിലാണ് സിൽവർ ലൈൻ പാത. തിരുവനന്തപുരത്തുനിന്ന് കാസർഗോഡേക്ക് ഇത് നീളുന്നു. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ പ്രധാന സ്‌റ്റോപ്പുകളുണ്ടാകും.

നിലവിലുള്ള ബ്രോഡ് ഗേജ് ട്രാക്കുകളിൽ നിന്ന് വ്യത്യസ്‌തമായി പുതിയ സ്‌റ്റാൻഡേർഡ് ഗേജ് ഇരട്ട പാതയാണ് പദ്ധതിക്ക് ഉപയോഗിക്കാൻ ലക്ഷ്യമിട്ടത്. തീരദേശ പാത ഒഴിവാക്കി ഉൾനാടുകളിലൂടെയാണ് അലൈൻമെന്റ്. അതിനാൽ ജനസാന്ദ്രതയുള്ള പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലും ഉൾപ്പെടെ പുതിയ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതായിരുന്നു ഇതിന്റെ പ്രധാന പ്രശ്‌നം.

വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം, സിൽവർ ലൈൻ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കും. ചില ഭാഗങ്ങളിൽ രൂപകൽപ്പന ചെയ്‌ത വേഗത ഇതിലും കൂടുതലാകും. പരിമിതമായ സ്‌റ്റോപ്പുകളോടെ, തിരുവനന്തപുരം-കാസർഗോഡ് യാത്ര നാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആസൂത്രകർ പറയുന്നു.

സിൽവർ ലൈനിന്റെ യഥാർത്ഥ ചെലവ് ഏകദേശം 63,940-63,941 കോടി രൂപയാണെന്ന് സർക്കാർ രേഖകൾ സൂചിപ്പിച്ചിരുന്നു. കാലതാമസവും വിലവർധനവും കാരണം ഇത് 80,000 കോടി രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. കേരള സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്ത സംരംഭമായാണ് ഈ പാത വികസിപ്പിക്കാൻ ഉദ്ദേശിച്ചതെങ്കിലും കേന്ദ്രം ഇതിന് താൽപര്യം കാട്ടിയിരുന്നില്ല. അതിന് പിന്നാലെയാണ് പുതിയ യുഡിഎഫ് സർക്കാർ പദ്ധതി പൂർണമായും ഒഴിവാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+