'മുഖ്യമന്ത്രിയുടെ വിദേശ യാത്ര അറിയിച്ചിട്ടില്ല, രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണ്'; പുതിയ പോർമുഖം തുറന്ന് ഗവർണർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനം തുടരുന്ന സാഹചര്യത്തിൽ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം തന്നെ അറിയിച്ചിട്ടല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി താൻ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷമാണ് ഗവർണർ-മുഖ്യമന്ത്രി പോർമുഖം വീണ്ടും തുറക്കുന്നത്. ഇടക്കാലത്ത് തിരഞ്ഞെടുപ്പ് വേളയിൽ ഉൾപ്പെടെ ഇരു വിഭാഗവും സമയമാനത്തോടെയാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ പിണറായി വിജയന്റെ വിദേശ യാത്ര ഉണ്ടാക്കിയ കോളിളക്കം രാജ്ഭവൻ കടന്നെത്തി എന്ന സൂചനയാണ് ഇപ്പോൾ മനസിലാവുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി മുമ്പ് വിദേശത്ത് പോയപ്പോഴും തന്നെ അറിയിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വിഷയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഗവർണർ അയച്ചത്.
മുഖ്യമന്ത്രി രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണെന്നും ഗവർണർ ആരോപിച്ചു. ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് എതിരായ ആരോപണത്തിൽ പ്രതികരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായില്ല. വിഷയത്തിൽ ആനന്ദ ബോസ് തന്നെ പ്രതികരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, 16 ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രി ദുബായിലേക്ക് പോകുന്നതെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഭാര്യ കമലയും കൊച്ചുമകനും അദ്ദേഹത്തിനെ അനുഗമിച്ചു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായിലേക്ക് പോകുന്നതെന്നായിരുന്നു അറിയിപ്പ്. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വലിയ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
വിദേശയാത്രയ്ക്കുള്ള പണം മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ചോദ്യം. ഇതിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സ്വകാര്യ യാത്രക്ക് മുഖ്യമന്ത്രി സ്വന്തം പണം മുടക്കണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും സമാനമായ ആരോപണവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം എന്നായിരുന്നു മുരളീധരൻ ആവശ്യപ്പെട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് ഗവർണറും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications