'ചിത്രയും ശോഭനയും നാടിൻെറ സ്വത്ത്, അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട..'; എംവി ഗോവിന്ദൻ
തിരുവനന്തപുരം: കെഎസ് ചിത്രയും ശോഭനയുമൊക്കെ നാടിന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിത്രക്കെതിരെ സൈബർ ആക്രമണം കടുത്ത പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദൻ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്‌ഠ ബിജെപി തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്, എന്നാല്‍, അതിന്റെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാൻ ഇല്ല. ചിത്രയും ശോഭനയും എല്ലാം നാടിന്റെ സ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ട കാരമില്ലെന്ന് ആയിരുന്നു ഗോവിന്ദൻ പ്രതികരിച്ചത്.

ഏതെങ്കിലും പ്രശ്‌നത്തിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ എംടി അടക്കം ആരേയും തള്ളി പറയേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു.
എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം. വസ്‌തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. ആ കമ്പനി ഉണ്ടാക്കിയ കരാറുകൾ പാർട്ടി പരിശോധിക്കേണ്ട കാര്യം ഇല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
91-96 കാലഘട്ടത്തിലാണ് കെഎസ്ഐഡിസി- സിഎംആർഎൽ കരാർ ഉണ്ടാകുന്നത്. പുകമറ സൃഷ്‌ടിച്ച് മുഖ്യമന്ത്രിയിലേക്കുള്ള വഴി ഇതാ എന്ന് പ്രഖ്യാപിക്കലാണിത്. അല്ലാതെ മറ്റൊന്നും ഇല്ല. സ്വർണക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണ്. കോൺഗ്രസ് നേതാക്കളും പൈസ വാങ്ങിയിട്ടുണ്ട്. അതിൽ അന്വേഷണം വേണ്ടേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
കൂടാതെ കേന്ദ്രത്തിനെതിരെ ഡൽഹിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ കേന്ദ്രം വെല്ലുവിളിക്കുകയാണ്.
ഇതിന്റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications