നിയമം കെെയ്യിലെടുത്ത് പോര്‍ട്ടമാര്‍, നേതാവിനെ പിടിക്കാനെത്തിയ എസ്‌ഐമാരെ തല്ലിച്ചതച്ചു
പോര്‍ട്ടര്‍മാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
കോഴിക്കോട്: പോലീസിനെതിരെ സിഐടിയു പ്രവര്‍ത്തകരുടെ കൈയ്യാങ്കളി. കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ കൊണ്ടുപോകാനൊരുങ്ങവേയാണ് പോര്‍ട്ടര്‍മാര്‍ പോലീസുമായി ഇടഞ്ഞത്. ഇവര്‍ എസ്‌ഐമാരെ ക്രൂരമായി തല്ലിച്ചതച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സിഐടിയു നേതാവിനെ ബലമായി മോചിപ്പിക്കുകയും ചെയ്തു.

അതേസമയം പോര്‍ട്ടര്‍മാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോര്‍ട്ടര്‍മാര്‍ രക്ഷപ്പെടുത്തിയ നേതാവിനെ പിടിക്കാന്‍ വീണ്ടും എത്തിയപ്പോഴാണ് ഇവര്‍ക്ക് പരിക്കേറ്റത്. റിയാസ് എന്ന സിഐടിയു നേതാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ മഫ്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ റിയാസ് മര്‍ദിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ വന്നത്.

പോലീസ് ഉദ്യോഗസ്ഥന്‍ കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പോലീസുകാരോട് വേഗം സ്ഥലം വിട്ടുകൊള്ളാന്‍ പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതോടെ സിഐടിയു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി പോലീസിനെ മര്‍ദിച്ച് റിയാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രക്ഷ തേടി റിയാസും ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് തന്നെ മര്‍ദിച്ചെന്നാണ് ഇയാള്‍ പറയുന്നത്.












Click it and Unblock the Notifications