നോക്ക് കൂലി കൊടുത്തില്ലെങ്കില്‍ തല്ല്
ആലുവ: കുറച്ചിടെ ആയി നോക്കു കൂലി വിഷയത്തില്‍ കാര്യമായി വാര്‍ത്തയൊന്നും ഇല്ലാതിരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പോലും നോക്കു കൂലി വാങ്ങുന്നത് ഗുണ്ടായിസമാണെന്ന് പ്രസ്താവിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമും നോക്കു കൂലി ശരിയല്ലെന്ന് സമീപനമാണ് പുറത്ത് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ നമ്മുടെ നാട്ടിലെ സിഐടിയു കാര്‍ക്ക് നേതാക്കള്‍ പറയുന്നതൊന്നുമല്ല കാര്യം. പൈസ കിട്ടിയില്ലെങ്കില്‍ തനി ഗുണ്ടായിസം തന്നെ കാണിക്കും. ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ ഷജിന്‍ അഹമ്മദാണ് നോക്കുകൂലി വിഷയത്തിലെ അവസാനത്തെ ഇര.

ആലുവയില്‍ അറഫ ക്രോക്കറി കട നടത്തുന്ന ആളാണ് ഷജിന്‍ അഹമ്മദ്. നവംബര്‍ 24 ന് രാത്രിയിലാണ് സ്ഥാപനത്തിലേക്കുള്ള സാധനങ്ങളുമായി ലോറി എത്തിയത്. എന്നാല്‍ രാത്രിയില്‍ ലോഡ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ തയ്യാറായില്ല. നേരം വെളുക്കും വരെ സാധനങ്ങളുമായി ലോറി നിര്‍ത്തിയിടുക എന്നത് പ്രായോഗികമായിരുന്നില്ല. ഇതോടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ ചേര്‍ന്ന് ലോഡ് ഇറക്കി.
രാത്രിയില്‍ തങ്ങള്‍ ഇറക്കാന്‍ വിസമ്മതിച്ച് സാധനങ്ങള്‍ തൊഴിലാളികള്‍ ഇറക്കിയാല്‍ പിന്നെ 'വിപ്ലവകാരികള്‍' ആയ ചുമട്ട് തൊഴിലാളികള്‍ക്ക് വെറുതെ ഇരിക്കാനാകുമോ. സംഘം ചേര്‍ന്ന് തന്നെ ഷജിന്റെ സ്ഥാപനത്തിലെത്തി. ആദ്യം ലോഡ് ഇറക്കിയ തൊഴിലാളികള്‍ക്ക് നേരെയായിരുന്നു ആക്രമണം. പിന്നെ അത് സ്ഥാപനം ഉടമ ഷജിന്‍ അഹമ്മദിന്റെ നേര്‍ക്കും നീണ്ടു.
സിനിമകളില്‍ ഒക്കെ കാണുന്ന ഗുണ്ട ആക്രമണത്തിന് സമാനമായിരുന്നു ആലുവയില്‍ ചുമട്ടു തൊഴിലാളികള്‍ നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയില്‍ ഇതിന്റെയെല്ലാം ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സിഐടിയു തൊഴിലാളികളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ഷജിന്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ആലുവ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications