'പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നത്'; സിവിക് ചന്ദ്രൻ കേസിൽ കോടതിയുടെ വിവാദ പരാമർശം
കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനകേസിൽ പരാതിക്കാരിക്കെതിരെ വിവാദ പരാമർശവുമായി കോഴിക്കോട് സെഷന്‍സ് കോടതി. പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്നാണ് കോടതിയുടെ വിചിത്ര വാദം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

354ാം വകുപ്പ് പ്രയോഗിക്കണമെങ്കിൽ ശാരീരികമായി സ്പർശിക്കുകയും ലൈംഗിക ഉദ്ദേശത്തോടെയുള്ള ചേഷ്ടകൾ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി പറയുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
കൊയിലാണ്ടിയിൽ നന്ന ഒരു കവിതാ ക്യാമ്പിനിടെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവ എഴുത്തുകാരിയുടെ പരാതി. 2020 ഫെബ്രുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം സിവികിനെതിരെ കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു സിവിക്കിന്റെ വാദം. സിവികിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് കേസ് നൽകിയതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ അഭിഭാഷകർ വാദിച്ചിരുന്നു. പരാതിക്കാരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.യുവതി അവളുടെ കാമുകനൊപ്പമാണ് സംഭവ സ്ഥലത്ത് എത്തിയത്. അന്ന് അവിടെ കൂടിയ മറ്റാരും ഇത്തരത്തിലൊരു പരാതി ഉയർത്തിയില്ലെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം എസ്‌സി- എസ്ടി ആക്ട് പ്രകാരം പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സിവിക് ചന്ദ്രനെതിരെ മറ്റൊരു യുവതിയും പീഡനാരോപണം ഉന്നയിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിലും നേരത്തേ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍












Click it and Unblock the Notifications