Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിഫ്‌ബി റോഡുകളിൽ ടോൾ പിരിക്കും, കാരണമാവുന്നത് കേന്ദ്രനിലപാടുകൾ'; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ഈടാക്കുന്ന യൂസര്‍ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണ് യൂസര്‍ ഫീസ് പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

സുതാര്യമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കിഫ്ബി. അതുകൊണ്ടാണ് മികച്ച ക്രെഡിറ്റ് റേറ്റിങ് ഇതിനുള്ളത്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യമാണ്. കിഫ്ബി ആരുടെയും തറവാട്ട് സ്വത്തല്ല എന്ന പ്രതിപക്ഷനേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്‌ചപ്പാടാണ്. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയമില്ലെന്നും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.

kiifbpinarayivijayan

കിഫ്ബി വഴിയെടുത്ത ലോണുകൾ സംസ്ഥാനത്തിന്റെ പൊതുകടമായി മാറ്റിയതോടെ കേരളം പ്രതിസന്ധിയിൽ ആയിരുന്നു. കടമെടുപ്പ് പരിധി കഴിഞ്ഞതിനാൽ സർക്കാരിന് വായ്‌പ എടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് മറികടക്കാനാണ് കിഫ്ബി റോഡുകളിൽ നിന്ന് വരുമാനം കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥിരീകരണവുമായി രംഗത്ത് വന്നത്.

സഭയിൽ മുഖ്യമന്ത്രി കിഫ്‌ബിയുമായി ബന്ധപ്പെട്ട് നൽകിയ മറുപടി

വരുമാനത്തിന്റെ ചെറിയൊരു പങ്ക് വര്‍ഷം തോറും കിഫ്ബിക്ക് സര്‍ക്കാര്‍ വിഹിതമായി നല്‍കിക്കൊണ്ടും കിഫ്ബി തനതായി വിഭവസമാഹരണം നടത്തിക്കൊണ്ടും പശ്ചാത്തല സൗകര്യ വികസനം ഉടനടി സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് നമ്മള്‍ കൈവരിച്ചത്. കിഫ്ബിയെ പുനരിജ്ജീവിപ്പിച്ചതിലൂടെ പ്ലാന്‍ ഫണ്ടിന് പുറമേയുള്ള അധിക വിഭവസമാഹരണവും അതിലൂന്നിയുള്ള വികസന പ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാനത്ത് നടന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നല്ലോ.

കിഫ്ബിയുടെ പണം എന്നത് നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കിലിട്ടിരിക്കുന്ന പണമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാചകങ്ങളില്‍ ഒന്ന്. തറവാടും സ്വത്തുമൊക്കെയായി അദ്ദേഹം ഇപ്പോഴും കാര്യങ്ങളെ അങ്ങേയറ്റം യാഥാസ്ഥിതികമായാണ് കാണുന്നതെന്ന് ആ വാചകങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ കിഫ്ബി എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നൂതനവും ധീരവുമായ കാല്‍വെപ്പാണ്. വികസനത്തിന്റെ ബദല്‍ മാതൃകയാണ്. അതിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യാഥാസ്ഥിതിക കാഴ്‌ചപ്പാടുകളുമായി നില്‍ക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോവുന്നതില്‍ അത്ഭുതവുമില്ല.

പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തുന്നു എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഒരു ആക്ഷേപം. ഇവിടെ കുറച്ച് പഴയ കണക്കുകള്‍ കൂടി നോക്കാം. ബജറ്റ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന 3 വര്‍ഷത്തെ ആകെ മൂലധനച്ചെലവ് കേവലം 16,049 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ കിഫ്ബിയിലൂടെ മാത്രമുള്ള മൂലധനച്ചെലവ് ഇതിലധികമാണ്. 17,857 കോടി രൂപയാണ് ബജറ്റിനു പുറമെ, കഴിഞ്ഞ 3 വര്‍ഷത്തില്‍ കിഫ്ബിയിലൂടെ മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത്.

ഈ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 3 വര്‍ഷത്തിലെ മൂലധനച്ചെലവ് മാത്രമെടുക്കുക. അത് 41,773 കോടി രൂപയാണ്. ഇത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തിനെക്കാള്‍ 2.6 മടങ്ങാണ് എന്നതാണ് വസ്‌തുത. ഇനി സംസ്ഥാന സര്‍ക്കാരിന്റെയും കിഫ്ബിയുടെയും ഒരുമിച്ച് കണക്കാക്കിയാല്‍ ഇത് കഴിഞ്ഞ 3 വര്‍ഷത്തില്‍ 59,630 കോടി രൂപയാണ്. അതായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തിന്റെ 3.72 മടങ്ങ്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ നേരിടുള്ള മൂലധനച്ചെലവ് ബജറ്റിലൂടെ ഉയര്‍ത്തുന്നതിനു പുറമെ കിഫ്ബിയിലൂടെയും കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്‌തത്‌. ഇതെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയാണ് ബഹു. പ്രതിപക്ഷ നേതാവ് പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തുന്നു എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണമുയര്‍ത്തുന്നത്.

കിഫ്ബിയുടെ മസാല ബോണ്ടും എ എഫ് ഡി മുഖേന കൊച്ചി മെട്രോ സമാഹരിച്ച വായ്‌പയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങള്‍ പ്രതിപക്ഷ നേതാവിന് കൃത്യമായി മനസിലായതായി തോന്നുന്നില്ല. ഈ വിഷയം സഭയില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിശദമായ വിവരങ്ങള്‍ സഭയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ വീണ്ടും വിശദീകരിക്കാം.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ എ എഫ് ഡിയില്‍ നിന്നും എടുത്ത വായ്പയെ കിഫ്ബിയുടെ മസാല ബോണ്ടുമായി താരതമ്യം ചെയ്യുവാന്‍ കഴിയില്ല. അഥവാ അതിനു ശ്രമിക്കുന്നെങ്കില്‍, അതിനുമുന്‍പ് യു എസ് ഡോളറിലോ യൂറോയിലോ ഉള്ള വായ്പയെ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കിയുള്ള മസാല ബോണ്ടിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്.

ഏതുതരത്തില്‍ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശ ധനകാര്യ വിപണിയില്‍ നിന്ന് പണം ലഭിച്ചത്. കിഫ്ബിയുടെ ബോണ്ടിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസ്‌ക് ഒന്നും തന്നെയില്ല. എന്നാല്‍ കൊച്ചി മെട്രോയുടെ എ എഫ് ഡി വായ്പയില്‍ ഈ ഫോറേറ്റിങ്ങ് എക്‌സ്‌ചേഞ്ച് റിസ്‌ക് ഉണ്ട്. കരാര്‍ പ്രകാരം ഈ തുക കേരള സര്‍ക്കാര്‍ വഹിക്കേണ്ടതുമാണ്.

കിഫ്ബിയിലെ സിഎജി ഓഡിറ്റ് സംബന്ധിച്ചുള്ളതാണ് ഇനിയൊരു ആക്ഷേപം. സി എ ജി ഓഡിറ്റമുമായി ബന്ധപ്പെട്ട് നൂറ്റൊന്നാവര്‍ത്തിച്ച ഇല്ലാക്കഥയാണ് ഇത്തവണയും പ്രതിപക്ഷനേതാവിന്റെ നാവില്‍ നിന്നുവന്നത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജി ഓഡിറ്റ് നടക്കുന്നില്ല, അത് നടത്താന്‍ അനുവദിക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. തികച്ചും വസ്‌തുതാ വിരുദ്ധമായ ആക്ഷേപമാണിത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജിയുടെ ഓഡിറ്റ് എന്ന വിഷയം സഭയില്‍ നിരവധി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജിയുടെ ഓഡിറ്റിന് ഒരു തടസവുമില്ല എന്ന സത്യം, ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ആവര്‍ത്തിക്കട്ടെ.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പരമോന്നത ഓഡിറ്റിങ് സ്ഥാപനം എന്ന നിലയില്‍ സി ആന്‍ഡ് എ ജിക്ക് കിഫ്ബിയെ ഓഡിറ്റ് ചെയ്യുന്നതിനുള്ള പൂര്‍ണ്ണ അധികാരം ഡി പി സി ആക്ട് സെക്ഷന്‍ 14 നല്‍കുന്നുണ്ട്. സത്യം ഇതാണെന്നിരിക്കെ, കിഫ്ബിയെ ഓഡിറ്റ് ചെയ്യുന്നതിന് സി ആന്‍ഡ് എ ജിയെ സര്‍ക്കാര്‍ പ്രത്യേകം ചുമതലപ്പെടുത്തേണ്ട കാര്യമില്ല. എന്നിരുന്നാലും, അനാവശ്യ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കിഫ്ബിയില്‍ പൂര്‍ണ്ണമായ സി ആന്‍ഡ് എ ജി ഓഡിറ്റിങിനു സര്‍ക്കാര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട് എന്നതു മറ്റൊരു കാര്യം.

കിഫ്ബിയില്‍ ആക്‌ട് പ്രകാരം നിലനില്‍ക്കുന്ന സ്‌റ്റാറ്റിയൂട്ടറി ഓഡിറ്റുകള്‍ക്ക് ഒപ്പം സി ആന്‍ഡ് എ ജിയുടെ ഓഡിറ്റും നടക്കുന്നുണ്ട്. സി ആന്‍ഡ് എ ജി ഓഡിറ്റ്, സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്, റിസ്‌ക് ബേസ്ഡ് ഇന്റേര്‍ണല്‍ ഓഡിറ്റ്, കണ്‍കറണ്ട് ഓഡിറ്റ് തുടങ്ങിയ ഓഡിറ്റുകളൊക്കെ കിഫ്ബിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇതൊന്നും അറിയുന്നില്ല.

2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കിഫ്ബിയുടെ എല്ലാ വരവ് ചെലവ് കണക്കുകളും പദ്ധതികള്‍ സംബന്ധിച്ച രേഖകളും സി ആന്‍ഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. 2020-2021 മുതല്‍ 2023-2024 വരെയുള്ള കഴിഞ്ഞ 4 വര്‍ഷത്തെ സി ആന്‍ഡ് എ ജി ഓഡിറ്റ് 2024 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ കിഫ്ബിയില്‍ നടന്നു. 53 ദിവസത്തോളം കിഫ്ബിയില്‍ സി എ ജി സംഘം പരിശോധന നടത്തിയിട്ടുണ്ട്. അവര്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും കിഫ്ബി മറുപടി നല്‍കിയിട്ടുമുണ്ട്.

2016 ലെ കിഫ്ബി ഭേദഗതി പ്രകാരം പെട്രോളിയം ഇന്ധനങ്ങള്‍ക്ക് മേലുള്ള ഒരു ശതമാനം സെസ്സും, 10 ശതമാനം വീതം വാര്‍ഷിക വര്‍ദ്ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടോര്‍ വാഹന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആര്‍ ബി ഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയാണ് കിഫ്ബിയുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കിഫ്ബി റോഡുകളില്‍ നിന്നും പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്. കേരള എഫ് ആര്‍ എ ആക്റ്റിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച നയവ്യതിയാനത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്തിന്റെ ലെജിറ്റിമേറ്റ് എക്‌സ്‌പെക്‌റ്റേഷന് വിരുദ്ധമായി 2022 ല്‍ കിഫ്ബിയെയും സമാന സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുമൂലം 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 15,895.50 കോടി രൂപയുടെ അധിക വായ്പയെടുക്കലിനുള്ള അവകാശം നഷ്ടപ്പെട്ടു. മൊത്തത്തില്‍, 2016 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് 1,07,513.09 കോടി രൂപയുടെ ചെലവ് നഷ്ടമോ വിഭവ കമ്മിയോ ഉണ്ടായി.

തുടര്‍ന്ന് കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അനുകൂലമായ നടപടികള്‍ ഒന്നുംതന്നെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഫയല്‍ ചെയ്തത്. ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേസിന്റെ പ്രതിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ ന്യായം കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്നും, സമാന സ്ഥിതിയിലുള്ള എന്‍ എച്ച് എ ഐ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെല്ലാം വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നു എന്നുമാണ്. എന്നാല്‍ ഇത് വസ്‌തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍ എച്ച് എ ഐ, ആകെ തിരിച്ചടവിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ടോള്‍ വഴി നേടുന്നുന്നുള്ളു. ബാക്കിയെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും, കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകളുമാണ്. കേരളത്തിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സുപ്രീം കോടതി ഈ കേസിനെ ഭരണഘടനാ ബെഞ്ചിനു വിട്ടത്.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ കിഫ്ബി മാതൃകയില്‍ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നടത്തിയത്. കിഫ്ബി പദ്ധതികള്‍ വരുമാനദായകമാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയും. കിഫ്ബി വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കാനും കഴിയും.

അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബി കടമെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും കിഫ്ബിക്ക് ഗ്രാന്റ് ആയി നല്‍കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന ലോണുകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. കിഫ്ബിക്ക് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ നല്‍കിയ 20,000 കോടിക്ക് പുറമേ ചെലവഴിച്ച 13,100 കോടി രൂപ പൂര്‍ണമായും കിഫ്ബി കണ്ടെത്തിയതാണ്. അത് കിഫ്ബിയുടെ മാത്രം ബാധ്യതയാണെന്ന് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടതുണ്ട്.

യൂസര്‍ ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ ആ യൂസര്‍ ഫീയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവും. കിഫ്ബി കൃത്യമായും സമയബന്ധിതമായും വായ്പകള്‍ തിരിച്ചടക്കുന്നത് കൊണ്ടുതന്നെയാണ് കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിക്കുന്നതും, ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിക്ക് വായ്പകള്‍ നല്‍കാന്‍ സന്നദ്ധമായി വരുന്നതും.

അര്‍ധസത്യങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും കൊണ്ട് എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും കിഫ്ബി അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചു പറയട്ടെ. അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+