'പുസ്‌തകത്തിൽ ഉള്ളതെല്ലാം പാർട്ടി നിലപാടുകളല്ല'; ജയരാജന്റെ പുസ്‌തകം പ്രകാശനം ചെയ്‌ത് പിണറായി, പ്രതികരണം
കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പി ജയരാജന്റെ 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകം കോഴിക്കോട് നടന്ന ചടങ്ങിൽ വച്ചാണ് പിണറായി വിജയൻ പ്രകാശനം ചെയ്‌തത്. പുസ്‌തകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു.
ഒരു പുസ്‌തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലുകളും പുസ്‌തകത്തിലുണ്ട്. അതിനെ അങ്ങനെ തന്നെ കാണണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പ്. വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്‌തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നു. വ്യക്തിപരമായ അഭിപ്രായം എന്നത് വ്യക്തിപരമായ വീക്ഷണമാണെന്നും അതിനെ അങ്ങനെ തന്നെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണിലൂടെ കാണരുത്. ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണ്, എന്നാൽ ജമാഅത്തെ ഇസ്ലാമി സാമ്രാജ്യത്തിന്റെ ചട്ടുകമാവുന്ന കൂട്ടരാണ്. ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യമെന്നും പിണറായി കൂട്ടിച്ചേർത്തു.
അതേസമയം, നേരത്തെ പുസ്‌തകത്തിൽ അബ്‌ദുൾ നാസർ മദനിയെ കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായിരുന്നു. മദനിയിലൂടെ ആയിരുന്നു കേരളത്തിൽ മുസ്ലീം തീവ്രവാദം വളർന്നതെന്നായിരുന്നു ജയരാജന് പുസ്‌തകത്തിലൂടെ ആരോപിച്ചത്. എന്നാൽ 2009ൽ മദനിക്ക് പാർട്ടി നൽകിയ പിന്തുണയെ കുറിച്ച് പുസ്‌തകത്തിൽ എവിടെയും പരാമർശമില്ല. ഇതിന് പിന്നാലെ പിഡിപി ശക്തമായ പ്രതിഷേധമാണ് ഉന്നയിക്കുന്നത്.
ആർഎസ്എസ് മോഡലിൽ മദനി കേരളത്തിൽ സംഘടന വളർത്തിയെന്നും ജയരാജൻ ആരോപിച്ചിരുന്നു. മദനി സ്ഥാപിച്ച ഇസ്ലാമിക് സേവാ സംഘം അഥവാ ഐഎസ്എസിനെ ചൂണ്ടിക്കാട്ടിയായിരുന്നു പി ജയരാജന്റെ പരാമർശം. പൂന്തുറ കലാപത്തിൽ ഐഎസ്എസ്-ആർഎസ്എസ് സംഘടനകളുടെ പങ്ക് വ്യക്തമാണെന്നും ജയരാജൻ തന്റെ പുസ്‌തകത്തിൽ പറയുന്നുണ്ട്.
പിഡിപിയെയും ആർഎസ്എസിനെയും കൂടാതെ പുസ്‌തകത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് എതിരെയും വിമർശനമുണ്ട്. ഏറെ വിവാദങ്ങൾക്ക് നടുവിലാണ് പി ജയരാജന്റെ പുസ്‌തകം മുഖ്യമന്ത്രി തന്നെ പ്രകാശനം ചെയ്‌തിരിക്കുന്നത്. വിഷയത്തിൽ ജയരാജന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് എല്ലാവരും.












Click it and Unblock the Notifications