തങ്ങൾക്കെതിരായ വിമർശനത്തിൽ ഉറച്ച് നിന്ന് മുഖ്യമന്ത്രി; 'അധികാരത്തിനായി ലീഗ് എന്തും ചെയ്യും'
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരായ വിമർശനത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് എതിരെ നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലീഗിനെതിരായ വിമർശനം ഒന്ന് കൂടി കടുപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന രൂപത്തിലേക്ക് മുസ്ലീം ലീഗ് പോയെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ബാബരി മസ്‌ജി തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്‌തു കൊടുത്തത് കോൺഗ്രസാണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പമായിരുന്നു ലീഗെന്നും അദ്ദേഹം പറഞ്ഞു.

അന്ന് കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണമെന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രിസഭയിലെ സ്ഥാനം പോകുമോ എന്ന പേടിയായിരുന്നു ലീഗിനെന്നും മുഖ്യമന്ത്രി വിമർശിച്ചു. അന്ന് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് ഉണ്ടായപ്പോൾ തങ്ങളെ കാണാൻ ആരും ചെന്നില്ലെന്നും പിണറായി വിജയൻ ആഞ്ഞടിച്ചു.
ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവരെ ലീഗ് ചേർത്ത് നിർത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചേലക്കര പിടിക്കാൻ യുഡിഎഫ് ശ്രമിച്ചില്ലേ?. സർക്കാർ വിലയിരുത്തൽ എന്നല്ലേ യുഡിഎഫ് പറഞ്ഞത്. എന്നിട്ടെന്തായി? ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ അടക്കം സകലരെയും അണിനിരത്തിയില്ലേ? പിണറായി ചോദിച്ചു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തെ സൂചിപ്പിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വോട്ടു വിഹിതം കൂട്ടാൻ കഴിഞ്ഞുവെന്നും പിണറായി അവകാശപ്പെട്ടു. ചേലക്കരയിൽ രമ്യ ഹരിദാസിന് ലോക്‌സഭയിൽ കിട്ടിയ വോട്ടു പോലും നേടാനായില്ല. എന്നാൽ എൽഡിഎഫിന്റെ വോട്ടു കൂടി. ഈ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിനേയും മുഖ്യമന്ത്രി പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണ്. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications