'തുടക്കം മുതൽ ഭീഷണി ഉണ്ടായിരുന്നു, പോക്സോ കേസിന് പിന്നിൽ ആരോപണവിധേയരായ നടൻമാർ': പരാതിക്കാരി
കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പരാതി പിൻവലിക്കാനുള്ള കാരണം സർക്കാരിന്റെ നിസംഗതയെന്ന് പരാതിക്കാരി വൺഇന്ത്യ മലയാളത്തോട്. തനിക്കെതിരായ പോക്സോ കേസിൽ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും അതിനാൽ തന്നെ ഇനിയും നടൻമാർക്കെതിരായ പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അവർ പോക്സോ കേസ് ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ഒന്നാണെന്നും പറഞ്ഞു.
ആരോപണ വിധേയരായ നടൻമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആലുവ സ്വദേശിനിയായ നടി തുറന്നടിച്ചു. 'ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്. ആരോ പണം കൊടുത്ത് അവരെ പറഞ്ഞുവിട്ടതാണെന്ന് വ്യക്തമാണ്. അതിന് പിന്നിൽ ഞാൻ പരാതി നൽകിയ നടൻമാരിൽ പലരും തന്നെയാണ്. ഈ പെൺകുട്ടി മുൻപൊരു പരാതി പറഞ്ഞിട്ട് കമ്മീഷണറെ സമീപിക്കാൻ ഞാനും കൂടെ ഉണ്ടായിരുന്നു. അതിലൊരു ചെറുപ്പക്കാരനെ മൂന്ന് മാസം ജയിലിലിട്ടു. അങ്ങനെ എത്രയോ പേർ ഇരയാക്കിക്കാണും' നടി പറയുന്നു.

തനിക്കെതിരായ പോക്സോ കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി തെളിഞ്ഞാൽ നടൻമാർക്ക് എതിരായ പരാതിയുമായി മുന്നോട്ട് പോവുമെന്നും അവർ വ്യക്തമാക്കി. 'പോക്സോ കേസിൽ എന്നെ ഒന്ന് വിളിപ്പിക്കുകയോ അതിന്റെ വിവരങ്ങൾ പറയുകയോ പോലും ചെയ്‌തിട്ടില്ല. മൂവാറ്റുപുഴ പോലീസുമായി ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നെ സംരക്ഷിക്കാത്ത ഈ നാട്ടിൽ ഞാൻ പിന്നെ എന്തിനാണ് കേസുമായി മുന്നോട്ട് പോവുന്നത്?' പരാതിക്കാരി ചോദിച്ചു.
കേസിന്റെ തുടക്കം മുതൽ പല രീതിയിലുള്ള ഭീഷണികൾ തനിക്കെതിരെ വന്നതായും അവർ ചൂണ്ടിക്കാണിച്ചു. 'പലരും ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. മെസഞ്ചർ ഉൾപ്പെടെയുള്ളവയിലൂടെ ആയിരുന്നു ഭീഷണികൾ ഏറെയും. അത്തരക്കാർക്ക് എതിരെ പരാതി കൊടുത്ത് എഫ്‌ഐആർ ഇടാൻ സാധിച്ചിട്ടുണ്ട്. ഈ ഭീഷണികൾ ഒന്നുമല്ല കേസ് പിൻവലിക്കാനുള്ള കാരണം. അത് സർക്കാർ പിന്തുണ നൽകാഞ്ഞിട്ടാണ്' നടി പറഞ്ഞു.
'ഇനിയൊരു പെൺകുട്ടിക്കും ഒരു മോശം അനുഭവം ഉണ്ടാക്കരുതെന്ന നല്ല ഉദ്ദേശത്തോടെയാണ് ഞാൻ പരാതിയുമായി രംഗത്ത് ഇറങ്ങിയത്. എന്നാൽ എനിക്ക് അതിനുള്ള പിന്തുണ മാധ്യമങ്ങളിൽ നിന്ന് പോലും കിട്ടിയില്ല. എനിക്കും കുടുംബമുണ്ട്, മക്കളുണ്ട്. ഞങ്ങൾക്കും ജീവിക്കണം. ഈ പരാതി നൽകിയിട്ട് അമ്മ എന്ത് നേടിയെന്നാണ് എന്റെ മകൾ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ മതിയായി' പരാതിക്കാരി മനസ് തുറന്നു.
എസ്ഐടി കേസിൽ കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. 'ഇപ്പോഴും എനിക്ക് ഞാൻ പരാതി കൊടുത്ത നടന്മാരെ സംബന്ധിച്ചുള്ള വീഡിയോകൾ ചിലരൊക്കെ അയച്ചു തരുന്നുണ്ട്, മുകേഷ്, ജയസൂര്യ എന്നിവരുടെയൊക്കെ. കേസിൽ കൃത്യമായ തെളിവുകളും എന്റെ കൈവശമുണ്ട്. എസ്ഐടി അന്വേഷണത്തെ കുറിച്ച് പരാതിയില്ല. അവർ നല്ല രീതിയിലാണ് അത് നടത്തുന്നത്.' പരാതിക്കാരി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications