മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു; ശോഭ സുരേന്ദ്രനെതിരെ പരാതി
വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത്
തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ സുരേന്ദ്രൻ വോട്ട് ചോദിച്ചെന്നാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് ബി എസ് സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.

വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ കാലഘട്ടത്തിൽ കൃഷ്ണനെ ഇല്ലായ്മ ചെയ്യാൻ വന്ന പൂതന രൂപത്തിലായിരുന്നു കടകംപള്ളി. കടകംപള്ളിക്കെതിരായ ധർമ്മയുദ്ധം അയ്യപ്പ സ്വാമി നൽകിയിട്ടുള്ള നിയോഗമായിട്ട് കണക്കാക്കുന്നുവെന്നും അവർ പറഞ്ഞു.
സംഭവം വിവാദമായെങ്കിലും പറഞ്ഞതിൽ മാറ്റമില്ലെന്ന നിലപാടാണ് ബിജെപി സ്ഥാനാർഥിയുടേത്. പൂതന പ്രയോഗം തിരുത്തില്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ ആരോപിച്ചു.












Click it and Unblock the Notifications