സിദ്ധിഖിനും രഞ്ജിത്തിനുമെതിരെ കേസ് എടുക്കാന്‍ പരാതി; സിനിമയില്‍ ആരെയും അറിയില്ലെന്ന് പരാതിക്കാരന്‍
കൊച്ചി: നടന്‍ സിദ്ധിഖിനും സംവിധായകന്‍ രഞ്ജിത്തിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് വൈറ്റില സ്വദേശി ടി അജികുമാറാണ് പരാതി നല്‍കിയത്. സിദ്ധീഖിനെതിരെ പോക്‌സോ അടക്കം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
രഞ്ജിത്തിനെതിരെ ബംഗാളി നടി വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെയും കേസെടുക്കണമെന്ന് ആവശ്യമുണ്ട്. അതേസമയം പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വാര്‍ത്താ ചാനലുകളില്‍ രഞ്ജിത്തിനും സിദ്ധീഖിനുമെതിരെ വെളിപ്പെടുത്തല്‍ കണ്ടിരുന്നു. ഇത് നിയമനടപടിയിലേക്ക് നീങ്ങാന്‍ കാരണമെന്ന് പരാതിക്കാരന്‍ അജികുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
സിനിമാ മേഖലയില്‍ തനിക്ക് ആരെയും പരിചയമില്ല. പരാതിയില്‍ നടപടിയില്ലെങ്കില്‍ ഉറപ്പായും ഹൈക്കോടതിയെ സമീപിക്കുമെന്ന് അജികുമാര്‍ വ്യക്തമാക്കി. സിദ്ധീഖിനെതിരായ വെളിപ്പെടുത്തല്‍ പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതാണ്. രേവതി സമ്പത്ത് വെളിപ്പെടുത്തല്‍ നടത്തിയതില്‍ നിന്ന് അവര്‍ ആ സമയം പ്ലസ്ടുവിലായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അതിക്രമത്തിന് ഇരയായ സമയം നോക്കുമ്പോള്‍ അത് പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതാണ്. അവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിദ്ധിഖിനെതിരെ പരാതി നല്‍കിയത്. ഇതൊരു പൗരന്‍ എന്ന നിലയ്ക്ക് നല്‍കിയതാണ്. ആ നടികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കേട്ടപ്പോള്‍ സങ്കടം തോന്നിയെന്നും അജികുമാര്‍ പറഞ്ഞു.
അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പോലീസ് പരാതി പരിശോധിച്ച് വരികയാണ്. യുവ നടി രേവതി സമ്പത്താണ് സിദ്ധിഖിനെതിരെ ആരോപണം ഉന്നയിച്ചത്. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ധിഖിനെതിരെ കേസെടുത്തേക്കും. പ്രായപൂര്‍ത്തിയാകും മുമ്പ് തന്നെ സിദ്ധിഖ് പീഡിപ്പിച്ചുവെന്നാണ് രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.
സിദ്ധിഖിനെതിരെ തെളിവുകള്‍ ഉണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി മുന്നോട്ടുപോയാല്‍ കരിയറില്‍ തലവേദയാകും. ഇപ്പോഴേ മനസ്സമാധാനം കിട്ടുന്നില്ല. നീതി ലഭിക്കുമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പുണ്ടാകണമെന്നും നടി ആവശ്യപ്പെട്ടു. നേരത്തെ വമ്പന്‍ താരങ്ങള്‍ക്കെതിരെയെല്ലാം ആരോപണം ഉയര്‍ന്നിരുന്നു. നടന്‍ റിയാസ് ഖാന്‍, മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പ്രധാന ആരോപണം.
റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് രേവതി സമ്പത്ത് വെളിപ്പെടുത്തിയിരുന്നു. ഫോണില്‍ റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ തന്നോട് പറയണം എന്ന് റിയാസ് ഖാന്‍ ആവശ്യപ്പെട്ടതായും രേവതി സമ്പത്ത് വ്യക്തമാക്കി.












Click it and Unblock the Notifications