കോൺഗ്രസ് പുനഃസംഘടന നിർത്തിവെച്ചിട്ടില്ല; പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സുധാകരൻ
ദില്ലി; കോൺഗ്രസ് പുനഃസംഘടന ഉടൻ പൂർത്തിയാക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജില്ലാ-ബ്ലോക്ക് ഭാരവാഹികളുടെ പുനഃസംഘടന നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് സുധാകരന്റെ പുതിയ പ്രതികരണം.

പുനഃസംഘടന നടപടികൾ നിർത്തിവെച്ചിട്ടില്ല. ശനിയാഴ്ചയോടെ പട്ടിക പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കും,മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ഡി സി സി അദ്ധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷം സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനുളള അംഗത്വ വിതരണത്തിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. അംഗത്വ വിതരണം കാര്യക്ഷമമായി നടത്തുന്നവർക്ക് സംഘടനയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും യോഗത്തിൽ സുധാകരൻ വ്യക്തമാക്കി.
പട്ടികയെ ചൊല്ലി എം പിമാർ പരാതി ഉന്നയിച്ചതോടെ പുനഃസംഘട നിർത്തിവെച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് പുനഃസംഘടന നടപടികൾ കൈക്കൊണ്ടതെന്നായിരുന്നു നേതാക്കളുടെ പരാതി.തുടർന്ന് പുനഃസംഘടന താത്കാലികമായി മുന്നോട്ട് കൊണ്ടുപോകരുതെന്ന് എ ഐ സി സി നിർദ്ദേശിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ ഐ സി സി നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എല്ലാവരുമായി കൂടിയാലോചന നടത്തണമെന്നായിരുന്നു സതീശന്റ ആവശ്യം.
അതേസമയം എ ഐ സി സി ഇടപെടലിനെതിരെ അന്ന് സുധാകരൻ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. മാസങ്ങളെടുത്ത് ചർച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയിൽ നിന്നും പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും സമ്മർദ്ദം തുടർന്നാൽ പദവി ഒഴിയുമെന്നതുൾപ്പെടെയുള്ള മുന്നറിയിപ്പായിരുന്നു സുധാകരൻ നൽകിയത്.
അതിനിടെ നേരത്തേ എ, ഐ ഗ്രൂപ്പുകളും സംഘടന തിരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുനഃസംഘടന വേണ്ടെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.
യുഎയിൽ ആകാശത്ത് വെച്ച് ഡിന്നർ.. ഹെലികോപ്റ്ററിൽ കറക്കം..പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ
സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായം ചൂണ്ടിക്കാട്ടി നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതിലും ഗ്രൂപ്പുകൾക്ക് ആശങ്കയുണ്ട്. അതേസമയം പ്രാദേശിക തലത്തിൽ ശക്തമായ സ്വാധീനം ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് നടന്നാൽ ഇപ്പോൾ നഷ്ടപ്പെട്ട ആധിപത്യം തിരിച്ച് പിടിക്കാനാകുമെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനും ഗ്രൂപ്പുകൾ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. അതേസമയം സംഘടന തിരഞ്ഞെടുപ്പ് നടന്നാൽ കാര്യങ്ങൾ കൈവിടുമോയെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ ആവശ്യം.












Click it and Unblock the Notifications