ഡിസിസി പുന:സംഘടന: ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ്
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെ പട്ടികയ്ക്കെതിരെ ഹൈക്കമാൻറിന് പരാതി പ്രവാഹമാണ്. അവസാന പട്ടികയിൽ ഉൾപ്പെട്ട പേരുകൾ പുറത്തുവന്നതോടെ അനർഹരാണ് പട്ടികയിൽ ഇടംപിടിച്ചതെന്നും സാമുദായിക സമവാക്യങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ആരോപിച്ചാണ് പരാതികൾ. ഇതിനിടെ അധ്യക്ഷ പട്ടികയെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാന്റ് ആരംഭിച്ചിട്ടുണ്ട്. ഇരുവരേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

നേരത്തേ അധ്യക്ഷൻമാരുടെ അന്തിമ സാധ്യത പട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാന്റിന് സമർപ്പിച്ച പിന്നാലെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധം ഉയർത്തിയിരുന്നു. തങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് പുതിയ കെപിസിസി നേതൃത്വം പട്ടിക തയ്യാറാക്കിയതെന്നായിരുന്നു ഇവരും ഉയർത്തിയ പരാതി. ഇക്കാര്യം ഉന്നയിച്ച് ചെന്നിത്തല ഹൈക്കമാന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇരുവരുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം താരിഖ് ഇരുവരേയും ബന്ധപ്പെട്ടിരുന്നെങ്കിലും പട്ടിക സംബന്ധിച്ച് കൂടുതൽ കൂടിയാലോചനകൾ വേണമെന്നായിരുന്നു ഇരുവരുടേയും നിലപാട്. എന്നാൽ ഇതിന് കെപിസിസി നേതൃത്വം തയ്യാറായിരുന്നില്ല. ഇതിനിടയിൽ ഒന്നിലധികം പേരുകൾ ഉയർന്ന ജില്ലകളിൽ ചർച്ച ചെയ്ത് ഒറ്റ പേരിലെത്താൻ കെപിസിസി നേതൃത്വത്തോട് ഹൈക്കമാന്റ് നിർദ്ദേശിച്ചു.

ഇത് പ്രകാരം ദില്ലിയിൽ നിന്നും തിരിച്ചെത്തിയ കെ സുധാകരൻ പ്രതിപക്ഷ നേതാവായ വിഡി സതീശനുമായി ചർച്ച നടത്തിയാണ് അന്തിമ സാധ്യത പട്ടിക സമർപ്പിച്ചത്. തുടർന്ന് ദില്ലിയിൽ താരിഖ് അൻവറുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ചർച്ച നടത്തിയാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയിരുന്നത്. അവസാന നിമിഷത്തെ ചർച്ചയിൽ ആറ് ജില്ലകളിൽ പുതിയ പേരുകൾ ഇടംപിടിക്കുകയും ചെയ്തു.

എന്നാൽ പുതിയ പട്ടിക പുറത്തുവന്നതോടെ വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. സമുദായ സമവാക്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും വനിതാ ,ദളിത് പ്രാതിനിധ്യം ഇല്ലെന്നുമാണ് പ്രധാന ആക്ഷേപം. മാത്രമല്ല എ, ഐ ഗ്രൂപ്പ് നേതൃത്വത്തെ ഒതുക്കി, ഗ്രൂപ്പ് വീതം വെയ്പ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെ സ്വയം ഗ്രൂപ്പുകൾ ഉണ്ടാക്കി തങ്ങളുടെ അനുയായികളെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാക്കുകള്‍ കേട്ടില്ലെന്നും ഒരു വിഭാഗം പരാതിപ്പെടുന്നു. തലമുറ മാറ്റം എന്ന ആവശ്യം ശക്തമാകുമ്പോഴും ഇത് പരിഗണിക്കാതെ 70 കഴിഞ്ഞവരെ നിയമിച്ചെന്നാണ് മറ്റൊരു ആക്ഷേപം. തിരുവനന്തപുരത്ത് പരിഗണിക്കുന്ന പാലോട് രവി, കൊല്ലത്തെ രാജേന്ദ്ര പ്രസാദ്, വയനാട്ടിലേക്ക് പരിഗണിക്കുന്ന എൻഡി അപ്പച്ചൻ എന്നിവർ 70 വയസിന് മുകളിൽ ഉള്ള നേതാക്കളാണ്. യുവ നേതാക്കളും മുൻ എംഎൽഎമാരുമായ വിടി ബൽറാം, കെഎസ് ശബരീനാഥ് എന്നിവരേയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യവും നേതാക്കൾ ഉയർത്തുന്നുണ്ട്. ഇപ്പോൾ പട്ടികയിൽ ഇടംപിടിച്ചവർക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. പല ജില്ലകളിലും നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

അതേസമയം പ്രതിഷേധം കനത്ത പിന്നാലെയാണ് ഇപ്പോൾ ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും താരിഖ് ഫോണിൽ ബന്ധപ്പെട്ടത്. ഇരുവരേയും ഉടനെ സോണിയ ഗാന്ധി ബന്ധപ്പെടാനുള്ള സാധ്യത തള്ളിക്കളായാനാകില്ല. അതിനിടെ ദളിത്, വനിതാ പ്രാതിനിധ്യം ഇല്ലാത്ത കാര്യത്തിൽ ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നേരത്തെ നല്‍കിയ അന്തിമ പട്ടികയില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോള് പുറത്തുവരുന്നത്.












Click it and Unblock the Notifications