പിഴച്ചവന്‍ ഭരിച്ചാല്‍ പൊലീസും പിഴക്കും; പിണറായി ബിജെപിയുടെ ചെരുപ്പ് നക്കുന്ന മുഖ്യമന്ത്രിയെന്ന് മുരളീധരന്‍
വയനാട്: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ബി ജെ പിയുടെ ചെരുപ്പ് നക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്ന് മുരളീധരന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാല്‍ നക്കുന്നത് എന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കുന്നത് ബി ജെ പി നേതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പ്രസംഗിക്കാനാണ് എന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പൊലീസിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല എന്നും വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും സര്‍ക്കാരുകളുടെ കാലത്തേത് മികച്ച പൊലീസ് ആയിരുന്നു. പിഴച്ചവന്‍ ഭരിക്കുന്നത് കൊണ്ട് പൊലീസും പിഴച്ച് പോയി എന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ജൂണ്‍ 24 നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഇതിനിടെ ഓഫീസിലെ ചുവരിലെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെ എത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തുന്നത്.

ഈ സമയം കോണ്‍ഗ്രസ്, യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതോടെ ഗാന്ധി ചിത്രം കോണ്‍ഗ്രസുകാര്‍ തന്നെയാണ് താഴെയിട്ടത് എന്ന് എസ് എഫ് ഐക്കാര്‍ ആരോപിച്ചിരുന്നു. ആഗസ്റ്റ് 19 ന് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.

രാഹുല്‍ ഗാന്ധിയുടെ പി എ രതീഷ് അടക്കമുള്ളവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. കേസില്‍ കോണ്‍ഗ്രസുകാരെ പിടികൂടിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.












Click it and Unblock the Notifications