'രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന് വലിയ നഷ്‌ടം'; യെച്ചൂരിയുടെ വിയോഗത്തിൽ പ്രതികരിച്ച് വിടി ബൽറാം
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന് വലിയ നഷ്‌ടമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം വൺഇന്ത്യ മലയാളത്തോട്. ദേശീയ തലത്തിൽ ഉൾപ്പെടെ കോൺഗ്രസിനെ അകറ്റി നിർത്താതെ മുന്നണി സംവിധാനത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയാണ് യെച്ചൂരിയെന്നും പാർലമെന്റിൽ ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ബൽറാം ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് പിന്തുണ നൽകുകയും മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്‌തമായി കോൺഗ്രസിന്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിയുകയും ചെയ്‌ത വ്യക്തി കൂടിയാണ് സീതാറാം യെച്ചൂരി എന്ന നേതാവെന്നും ബൽറാം പറഞ്ഞു. എങ്കിലും അവസാന കാലത്ത് സിപിഎമ്മിലെ നിയന്ത്രണം അദ്ദേഹത്തിന് നഷ്‌ടമായിരുന്നുവെന്നും ബൽറാം പറയുന്നു.

'നേരിട്ട് പരിചയമില്ലെങ്കിലും ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ എന്നും ഓർക്കുന്ന വ്യക്തത്വമാണ് സീതാറാം യെച്ചൂരിയുടേത്. പാർലമെന്റിൽ ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന കൃത്യമായ ആശയ വിനിമയ ശേഷി വച്ചുപുലർത്തിയിരുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായ യെച്ചൂരിയുടെ വിയോഗം രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന് വലിയ നഷ്‌ടമാണ്' ബൽറാം പറയുന്നു.
'ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രാധാന്യം കൃത്യമായി അംഗീകരിച്ച ഒരു നേതാവായിരുന്നു സീതാറാം യെച്ചൂരി. കേരളത്തിലെ സിപിഎം നേതാക്കളൊക്കെ കോൺഗ്രസിനെ അധിക്ഷേപിച്ചും പരിഹസിച്ചും നിന്നപ്പോഴും, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പോലും ആ നിലയ്ക്ക് കണ്ടപ്പോഴും അദ്ദേഹം അങ്ങനെ ആയിരുന്നില്ല.' ബൽറാം അറിയിച്ചു.
'നരേന്ദ്ര മോദിക്കും സംഘ പരിവാറിനും എതിരെ നിലകൊള്ളാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയോടൊപ്പം പല സമരമുഖങ്ങളിലും അദ്ദേഹം പങ്കാളിയായത്. ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണ്' അദ്ദേഹം പറഞ്ഞു.
'യഥാർത്ഥത്തിൽ സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. എന്നാൽ അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന സമയത്തേക്ക് സിപിഎം എന്ന പാർട്ടി ദേശീയ തലത്തിൽ വല്ലാതെ ദുർബലമായി കഴിഞ്ഞിരുന്നു. അവസാന സമയങ്ങളിൽ അദ്ദേഹത്തിന് നിയന്ത്രണം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്.' ബൽറാം പറയുന്നു.
'ഇന്ത്യ സഖ്യത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിന് സന്തോഷമുണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ഇന്ത്യ സഖ്യത്തിലേക്ക് പ്രതിനിധിയെ അയക്കേണ്ടി വന്നപ്പോൾ അതിന് കേരളം ഉൾപ്പെടയുള്ള ചില സംസ്ഥാനങ്ങളിലെ സമ്മർദ്ദം മൂലം യെച്ചൂരിക്ക് കഴിഞ്ഞിരുന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications