'ഫേക്ക് ഐഡികളും സൈബർ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം', അരിതയെ പിന്തുണച്ച് രമ്യ ഹരിദാസ്
ആലപ്പുഴ: ഇടത് അനുകൂലികളില്‍ നിന്നും സൈബര്‍ ആക്രമണം നേരിടുന്ന അരിത ബാബുവിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് നിന്നുളള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു അരിത ബാബു. കായംകുളത്തെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മനോരമയില്‍ തെറ്റായ വാര്‍ത്ത വന്നതും തുടര്‍ന്നുളള സൈബര്‍ ചര്‍ച്ചകളുമൊക്കെയാണ് അരിത ബാബുവിനെതിരെയുളള സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞത്.
വെട്ടുകിളികളെ നിലയ്ക്ക് നിര്‍ത്തണം എന്നാവശ്യപ്പെട്ട് അരിതാ ബാബു മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരുന്നു. അതിന് പിന്നാലെയാണ് രമ്യ ഹരിദാസ് എംപി പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട അരിതാബാബു, മുഖം മിനുക്കിയ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഗുണവും മണവുമൊക്കെ വിട്ടുപോയിട്ട് കാലങ്ങളായി.. പാടത്ത് പണിയെടുക്കുന്നവന്റെയും കൊയ്ത്തു പാട്ട് പാടുന്നവന്റെയും സംരക്ഷകരായി ചിത്രീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്കൾ സിനിമയിൽ പോലും അന്യം നിന്നിരിക്കുന്നു.. ഫേക്ക് ഐഡികളും സൈബർ പോരാളികളുമാണ് ഇന്നത്തെ കമ്മ്യൂണിസം.

നേതാവ് തൊട്ട് അണികൾ വരെ ഒരേ സംസ്കാരം.. അവിടെയാണ് പരനാറിയും കള്ളസുവറും ദ്വയാർത്ഥ ങ്ങളും തെറിവിളികളും കയറി വരുന്നത്.. മുതിർന്ന നേതാക്കളെ ക്യാപിറ്റൽ പണിഷ്മെന്റിന് വിടുന്നത്.. എതിരെ എഴുതുന്ന മാധ്യമപ്രവർത്തകർ പിതൃശൂന്യർ ആകുന്നത്.. പാർട്ടി മാറുന്നവർ കുലംകുത്തികൾ ആകുന്നത്.. മതമേലധ്യക്ഷന്മാർ നികൃഷ്ടജീവികൾ ആകുന്നത്.. നികത്തപ്പെടുന്ന നിലങ്ങളും പാടങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മനസ്സിൽ വേദന സൃഷ്ടിക്കാതെ പോകുന്നത്.. കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരെ ഒറ്റു കൊടുക്കേണ്ടി വരുന്നത്.. കമ്മ്യൂണിസത്തിന്റെ ആധുനിക വകഭേദമാണ്..
അരിതേ, സാമൂഹ്യ മാധ്യമങ്ങളിൽ ഇവർക്കിത് സ്ഥിരം ഏർപ്പാടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ, കേരള സർക്കാരിനെ വിമർശിച്ച് എഴുതുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ പലപ്പോഴും കേട്ടാലറക്കുന്ന തെറികളാണ്, ആക്ഷേപങ്ങളാണ്. ഫേക്ക് ഐഡികളിൽനിന്നും മാത്രമല്ല സ്വന്തം മുഖം വെച്ചും തെറി പറയും, അത് അഭിമാനത്തിന്റെ ചിഹ്നമായി കാണുന്നവനാണ് സമൂഹമാധ്യമങ്ങളിലെ പാർട്ടി പോരാളികൾ. പ്രായമായ സ്വന്തം മക്കളോ മാതാപിതാക്കളോ ഇത്തരം തെറിയഭിഷേകങ്ങൾ കാണുമെന്ന ലജ്ജപോലുമില്ലാത്ത സംസ്കാര ശൂന്യർ..
ഇത് താങ്കളുടെ മാത്രം പ്രശ്നമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയേയും കേരളം ഭരിക്കുന്ന സർക്കാറിനെയും വിമർശിക്കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥയാണ്.. തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക.. നമ്മുടെ പ്രവർത്തനങ്ങളുമായി ജനങ്ങളോടൊപ്പം മുന്നോട്ടു പോവുക. സാധാരണക്കാരായ ജനങ്ങൾ നമ്മുടെ കൂടെയുണ്ടാവും... തീർച്ച.. ഇത്തരം കാര്യങ്ങളിൽ കേരളം ഭരിക്കുന്ന ഭരണാധികാരികളിൽ നിന്നോ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൽ നിന്നോ നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നേയില്ല...''












Click it and Unblock the Notifications