ഉമ്മന്‍ ചാണ്ടി തുടങ്ങി വെച്ച പ്രശ്‌നം, തിരിച്ചുവരവിന് 3 കാര്യം ക്ലിക്കാവണം, കോണ്‍ഗ്രസിന് എളുപ്പമല്ല
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മേല്‍ത്തട്ട് വലിയ തോതില്‍ മാറിയെങ്കിലും മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഇനിയും മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ ആവശ്യമാണ്. രമേശ് ചെന്നിത്തലയെ മാത്രം കുറ്റം പറഞ്ഞ് കാര്യങ്ങള്‍ മുന്നോട്ട് പോകാനാവില്ല. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ സമയത്ത് തുടങ്ങിവെച്ച പ്രശ്‌നങ്ങളാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി അധികാരം പിടിച്ചത് കൊണ്ട് മാത്രം ഇത് ശ്രദ്ധിക്കപ്പെടാതെ പോയത്. അതുകൊണ്ട് തിരിച്ചുവരവിന് 10 കൊല്ലം മുമ്പുള്ള പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടത്.

2011ലെ തകര്‍ച്ച
ഓരോ അഞ്ച് കൊല്ലം കഴിയുമ്പോഴും ഭരണം മാറി വരാറുള്ളതാണ് കേരളത്തില്‍. 2011ല്‍ കോണ്‍ഗ്രസിന്റെ ഊഴമായിരുന്നു. സാധാരണ ഭരണത്തില്‍ വരുന്നവര്‍ വന്‍ ഭൂരിപക്ഷം നേടാറുണ്ട്. യുഡിഎഫിന് കിട്ടിയതോ 72 സീറ്റ്. ഇടതുമുന്നണിക്ക് 30 സീറ്റ് കുറഞ്ഞെങ്കിലും അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നില്ല. കോണ്‍ഗ്രസിന് നേട്ടമുണ്ടായെങ്കിലും 50 സീറ്റിലേക്കും വന്നില്ല. ഇത് കേരളത്തിലെ ട്രെന്‍ഡ് മാറുന്നു എന്ന സൂചനയായിരുന്നു. പക്ഷേ ഭരണം കിട്ടിയത് കൊണ്ട് കോണ്‍ഗ്രസ് ഇത് ഗൗരവത്തിലെടുത്തില്ല. അന്ന് വിഎസ്-പിണറായി പോരില്ലെങ്കില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമായിരുന്നു.

പിഴച്ചത് അക്കാര്യത്തില്‍
കോണ്‍ഗ്രസിന്റെ പല കമ്മിറ്റികളും നിശ്ചലമാണ്. കൊല്ലത്തും തിരുവനന്തപുരത്തും പലയിടത്തും കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. കോഴിക്കോട്ട് നല്ലൊരു വിജയം നേടിയിട്ട് കാലങ്ങളായി. 2011ല്‍ ഈ പ്രശ്‌നം ശരിക്കും പ്രകടമായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അന്ന് മുസ്ലീം ലീഗിന്റെ സഹായമില്ലെങ്കില്‍ ചില വിജയങ്ങള്‍ പോലും ലഭിക്കില്ലായിരുന്നു. അന്ന് കെപിസിസി സംഘടന കെട്ടിപ്പടുക്കുന്നതിന് യാതൊരു വിലയും നല്‍കിയിരുന്നില്ല. ചെന്നിത്തല-ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് കോണ്‍ഗ്രസ് പിടിച്ചതോടെ സംഘടനയും നേതൃത്വവും ഒരേപോലെ നിശ്ചലമായി. ഇത് 2021ലും 2016ലും പ്രകടമായി തന്നെ കണ്ടു. രണ്ട് സമയത്തും കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

മൂന്ന് കാര്യങ്ങള്‍
കോണ്‍ഗ്രസിനെ സജീവമാക്കാന്‍ മൂന്ന് കാര്യങ്ങളാണ് ഇനി വേണ്ടത്. തിരുത്തല്‍ നടപടിയാണ് ആദ്യം വേണ്ടത്. പ്രതികരിക്കുന്ന നേതൃത്വും, ഒപ്പം പ്രവര്‍ത്തകരെ പഴയ ആവേശത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അവസാനമായി തോല്‍വിയില്‍ തമ്മിലടി നിര്‍ത്തുക. ഇപ്പോള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ അഞ്ച് കൊല്ലം കൊണ്ട് കോണ്‍ഗ്രസ് ശക്തമാകും. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്ത് കാണുന്ന കോണ്‍ഗ്രസിന്റെ രീതി ഇപ്പോള്‍ മാറ്റി തുടങ്ങണം. അതിന് നേതാക്കള്‍ തമ്മിലാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ടത്. ഇനിയൊരു ഗ്രൂപ്പും പാര്‍ട്ടിയില്‍ ഉണ്ടാവാന്‍ പാടില്ല.

സതീശനല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
അടുത്ത തിരഞ്ഞെടുപ്പില്‍ താനല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിഡി സതീശന്‍ പറയുന്നു. തന്നെ അത്തരത്തില്‍ കാണേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതിന്റെ കാരണം എനിക്കറിയാം. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏല്‍പ്പിച്ചപ്പോള്‍ ഇതിന്റെ ഫലം തിരികെ കൊടുക്കുമെന്ന് രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്. അത് കൊടുക്കുമെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസില്‍ തന്റെ പേരിലൊരു ഗ്രൂപ്പ് ഉണ്ടാവില്ലെന്നും സതീശന്‍ ഉറപ്പ് നല്‍കി.

തോറ്റതിന് കാരണം
കോണ്‍ഗ്രസ് തോറ്റതിന് വേറെയും കാരണങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ സണ്ണിക്കുട്ടി എബ്രഹാം പറയുന്നു. കൊവിഡാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്ന് സണ്ണിക്കുട്ടി പറയുന്നു. കൊവിഡില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമായിരുന്നു. പിണറായി, താന്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. പ്രതിപക്ഷം പറഞ്ഞതൊക്കെ ജനങ്ങള്‍ അതോടെ തള്ളി. പക്ഷേ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉറപ്പായും തിരിച്ചുവരുമെന്ന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

എളുപ്പമല്ല മടങ്ങിവരവ്
കോണ്‍ഗ്രസ് വിചാരിച്ചത് പോലെ എളുപ്പമല്ല മടങ്ങി വരവ്. കാരണം യുവാക്കളായാലും വിചാരിച്ചത്ര ജനപിന്തുണ കിട്ടിയിട്ടില്ല. വിജയിച്ചവരില്‍ അധികവും വൈറ്ററന്‍ നേതാക്കളാണ്. ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ് എന്നിവര്‍ മാത്രമാണ് യുവനിരയില്‍ വരുന്നത്. അന്‍വര്‍ സാദത്തിനെയും വേണമെങ്കില്‍ കൂട്ടാം. എറണാകുളം, വയനാട്, കോട്ടയം ജില്ലകളില്‍ മാത്രമാണ് കുറച്ച് നേട്ടം കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. മധ്യകേരളത്തില്‍ കോണ്‍ഗ്രസ് മങ്ങിപ്പോയി എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് യുവാക്കള്‍ മാത്രം വന്നാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്.

വോട്ട് ചോരല്‍ പ്രശ്‌നം
കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോര്‍ന്ന് പോകുന്നു എന്നതാണ് പ്രധാന പ്രശ്‌നം. സതീശന്‍ പറവൂരില്‍ നിന്ന് ദീര്‍ഘകാലം ജയിച്ച നേതാവായത് കൊണ്ട് ജനസ്വീകാര്യത വല്ലാതെ ഉണ്ടെന്ന് പറയാനാവില്ല. രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് ദീര്‍ഘകാലമായി മത്സരിക്കുന്നതാണ്. എന്നിട്ടും ജനങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. ഇവിടെ ക്രഡിബിളായ പ്രതിപക്ഷമല്ല കോണ്‍ഗ്രസ് എന്നതാണ് പ്രശ്‌നം. യുവാക്കള്‍ക്കൊപ്പം പല സമവാക്യങ്ങള്‍ ഒന്നാവണം. സതീശന് സാമുദായിക സംഘടനകളോട് ശക്തമായ അടുപ്പമില്ല. ഇത് എല്‍ഡിഎഫിനൊപ്പം അടിസ്ഥാന വോട്ടുകള്‍ നിലനില്‍ക്കാനും കാരണമാകും. മുസ്ലീം ലീഗിന് പഴയ പോലെ സാമുദായിക സംഘടനകളെ സ്വാധീനിക്കാനും കഴിയുന്നില്ല.












Click it and Unblock the Notifications