എല്‍ദോസിനെതിരെ കോണ്‍ഗ്രസ് നേതൃത്വം; വിഷയം ആകെ വഷളാക്കി, നേതൃത്വം കൈവിടും
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിനെ കോണ്‍ഗ്രസ് നേതൃത്വം കൈവിടുന്നു. ഈ മാസം ഇരുപതിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ തള്ളുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായത്.
ഗൗരവപ്പെട്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ആര്‍എംപി നേതാവ് കെകെ രമ എത്രയും പെട്ടെന്ന് എല്‍ദോസിനെതിരെ നടപടിയെടുക്കണമെന്നും, രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ പിന്തുണയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എല്‍ദോസില്‍ നിന്ന് വിശദീകരണം തേടിയത്.

അതേസമയം പറഞ്ഞ സമയത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍, കടുത്ത നടപടി എംഎല്‍എയ്ക്കതെിരെ ഉണ്ടാവുമെന്ന് സുധാകരന്‍ നല്‍കിയ കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എംഎല്‍എ ഒളിവിലാണ്.
ഇതുവരെ പോലീസിന് പിടിക്കാനായില്ല. ഈ സാഹചര്യത്തില്‍ എംഎല്‍എയെ കൈവിട്ട് മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എക്കെതിരെ ശരിയായ നടപടികള്‍സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എല്‍ദോസിനെതിരായ കേസില്‍ സമ്മര്‍ദത്തിലാണ്. എന്ത് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം വരെ ആശയക്കുഴപ്പമുണ്ടായിരുന്നു. എല്‍ദോസിന്റെ കേസില്‍ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഒരു നേതാവിനും അറിയില്ല. നേതാക്കളോട് ഇക്കാര്യത്തെ കുറിച്ച് എല്‍ദോസ് സംസാരിച്ചിട്ടുമില്ല.
പീഡന പരാതി ഉയര്‍ന്നിട്ടും, നേതൃത്വത്തോട് വിശദീകരിക്കാന്‍ നില്‍ക്കാതെ മുങ്ങിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ എല്‍ദോസിനെതിരായ നടപടി സാങ്കേതികത്വം പറഞ്ഞ് നീണ്ടതോടെ കോണ്‍ഗ്രസ് നേതൃത്വമാണ് പ്രതിക്കൂട്ടിലായത്. നേതൃത്വം എംഎല്‍എയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയും ഇതിനിടെ വന്നു.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ കെപിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കല്‍ ആണ് നേതൃത്വം ആലോചിക്കുന്ന ശിക്ഷാ നടപടികള്‍. എല്‍ദോസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും. പുറത്താക്കല്‍ അതുകൊണ്ട് ഉണ്ടാവാന്‍ ഇടയില്ല.
നേരത്തെ ഇതുപോലൊരു കേസില്‍ വിന്‍സെന്റ് എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. എന്നാല്‍ വിന്‍സെന്റിന് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു. എല്‍ദോസിനെ ഫോണില്‍ വിളിച്ചിട്ട് പോലും കിട്ടുന്നില്ലെന്നാണ് പരാതി. ഒളിവില്‍ പോയതും കൂടി ആയതോടെ പ്രശ്‌നത്തില്‍ നേതൃത്വം കൈവിടുകയായിരുന്നു.












Click it and Unblock the Notifications