സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കോൺഗ്രസിൻ്റെ പിന്തുണ: കെ സുരേന്ദ്രൻ
കോട്ടയം: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പിന്തുണച്ചതോടെ കോൺഗ്രസിൻ്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിൻ്റെയും കാർത്തി ചിദംബരത്തിൻ്റെയും പ്രസ്താവനയോടുള്ള രാഹുൽഗാന്ധിയുടേയും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും മൗനം അവരുടെ ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാജ്യത്തെ 80 ശതമാനം വരുന്ന ജനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ഐൻഡി മുന്നണി വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്. സ്നേഹത്തിൻ്റെ കടയല്ല വംശീയോന്മൂലനത്തിൻ്റെ കടയാണ് കോൺഗ്രസ് തുറക്കാൻ ശ്രമിക്കുന്നത്. ഗണപതിയെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്.

മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അപമാനിച്ചപ്പോൾ നോവലിസ്റ്റിൻ്റെ കൂടെ നിന്നവരാണ് കോൺഗ്രസുകാർ. എല്ലാകാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുന്നതാണ് കോൺഗ്രസിൻ്റെയും രീതി. ഇസ്ലാംമതത്തെ നശിപ്പിക്കുമെന്നായിരുന്നു ആരെങ്കിലും പറഞ്ഞതെങ്കിൽ ഇടത്-വലത് മുന്നണികൾ കേരളം കത്തിച്ചേനെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് ; സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ മകൻ കൂട്ട്; കുമ്മനം രാജശേഖരൻ
ബിജെപി ഉയര്‍ത്തുന്ന "സനാതന ധര്‍മം' മലേറിയയും ഡെങ്കിയും പോലെ സാംക്രമികരോ ഗമാണെന്നും അത് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ കുമ്മനം രാജശേഖരൻ.മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞുള്ള മറ്റൊരു കുത്താണ് ഉദയനിഥിയുടെ പ്രസ്താവനയെന്ന് കുമ്മനം വിമർശിച്ചു.
ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.
'കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തി. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടി.സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം.തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനിൽക്കുന്നതാണ് സനാതന ധർമ്മം. അതിനെ എങ്ങനെയാണ് നിർമ്മാർജനം ചെയ്യുക.
ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണ്.
നയമാണെങ്കിൽ എല്ലാ മാസവും മലയാള മാസം ഒന്നാം തീയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും "നിർമ്മാർജനം' " ചെയ്യാൻ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമോ?
തന്റെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടക്കുവെച്ച സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ നിന്നും നിർമ്മാജനം ചെയ്യുവാൻ അദ്ദേഹം ആവശ്യപ്പെടുമോ? ഭാരതത്തെ ശിഥിലമാക്കണമെങ്കിൽ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം.
അതിന് വിശ്വാസത്തെ തച്ചുടക്കണം.
ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്.
സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങൾക്കും പിന്നിൽ ഭാരത ജനതയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യകരങ്ങളുണ്ട് - വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ്
ഋഷിശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതനധർമ്മത്തിന് നേരെ കല്ലെറിയുന്നവർ സ്വന്തം നാടിന്റെ വേരറുക്കുകയാണ്.ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു: " നമ്മുടെ ധർമ്മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണ്. "
ഉള്ളതിനെ നിർമ്മാർജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളും.












Click it and Unblock the Notifications